കണ്ണൂര്‍ അയ്യങ്കുന്നിലെ തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്: പരിക്കേറ്റ മാവോവാദി വനിതാ നേതാവ് കൊല്ലപ്പെട്ടു
കണ്ണൂര്‍: ഇരിട്ടിക്കു സമീപം അയ്യങ്കുന്നില്‍ കഴിഞ്ഞമാസം തണ്ടര്‍ബോള്‍ട്ട് സംഘം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വനിതാ നേതാവ് കൊല്ലപ്പെട്ടെന്ന് മാവോവാദി ലഘുലേഖ. പശ്ചിമഘട്ടമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലക്ഷ്മി എന്ന കവിതയാണ് ചികില്‍സയിലിരിക്കെ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ നവംബര്‍ 13ന് രാവിലെ 9.50നാണ് ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിവയ്പുണ്ടായത്. മാവോവാദികളുടെ കബനീദളത്തിന്റെ ക്യാംപ് പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെടിവയ്പുണ്ടായതെന്നാണ് തണ്ടര്‍ബോള്‍ട്ട് അറിയിച്ചിരുന്നത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അന്നുതന്നെ വിവരമുണ്ടായിരുന്നെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒന്നര മാസത്തിനു ശേഷമാണ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരില്‍ കൈയെഴുത്ത് ലഘുലേഖയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. വക്താവ് ജോഗിയുടെ പേരിലുള്ള കൈയെഴുത്ത് ലഘുലേഖയിലാണ് കബനി ഏരിയാ സെക്രട്ടറിയായ ലക്ഷ്മി എന്ന കവിത കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി ചികില്‍സ നല്‍കിയെങ്കിലും മരണപ്പെട്ടതായും പശ്ചിമഘട്ടത്തില്‍ സംസ്‌കരിച്ചതായും ലഘുലേഖയില്‍ പറയുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ തയല്‍സിമയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച ലക്ഷ്മി എന്ന കവിത ചെറുപ്പത്തില്‍ തന്നെ മാവോവാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്. ലക്ഷ്മി(കവിത)യുടെ വിയോഗം തീരാനഷ്ടമാണെന്നും രക്തസാക്ഷികളുടെ രക്തത്തിന് പകരം വീട്ടാന്‍ സര്‍വശക്തിയും സംഭരിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള കടമയെന്നും ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ സിപി ഐ മാവോയിസ്റ്റ് സൈനിക ദളിനു നേരെ നാലു തവണ തണ്ടര്‍ബോള്‍ട്ടിന്റെ ആക്രമണം ഉണ്ടായതായും പറയുന്നുണ്ട്. ഓപറേഷന്‍ സമാധാന്‍ എന്ന പേരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് മാവോവാദികളെ തുടച്ചുനീക്കാനുള്ള ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന മോദി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണിത്. ഇവരുടെ ബി ടീമായ പിണറായി സര്‍ക്കാരുമായി ചേര്‍ന്നാണ് ഓപറേഷന്‍ നടത്തുന്നത്. അയ്യന്‍കുന്ന്, ആറളം, തവിഞ്ഞാല്‍, കേളകം, തിരുനെല്ലി എന്നിവിടങ്ങളിലാണ് ആക്രമങ്ങള്‍ കേന്ദ്രീകരിച്ചത്. ആകാശനീരീക്ഷണം വഴിയും കോളനികളിലും മലയോര ജനതങ്ങളിലും ബന്തവസ്സും നിരീക്ഷണവും വഴിയും വ്യാപകമായ കുപ്രചാരണങ്ങളിലൂടെയും 'വെള്ള ഭീകരത' തുടരുകയാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാനും കൊല്ലപ്പെട്ട ലക്ഷ്മി(കവിത)യുടെ അനുസ്മരണ വ്യാപകമായി പ്രചരിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്. ലഘുലേഖയ്ക്കു പുറമെ കൈയെഴുത്ത് പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. രക്തകടങ്ങള്‍ രക്തത്താല്‍ പകരം വീട്ടും തുടങ്ങിയ പരാമര്‍ശങ്ങളാണ് പോസ്റ്ററുകളിലുള്ളത്.