മൂന്നാര്‍ രാജമലയില്‍ വീണ്ടും കടുവയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Update: 2022-10-04 02:49 GMT

ഇടുക്കി: മൂന്നാര്‍ രാജമലയെ ഭീതിയിലാക്കി വീണ്ടും കടുവയിറങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മൂന്നാറില്‍ വീണ്ടും കടുവയിറങ്ങിയത്. റോഡിലൂടെ ഓടിപ്പോവുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ മൂന്നാര്‍ രാജമലയില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലിസ്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഊര്‍ജിതശ്രമം നടത്തുകയാണെന്നും പോലിസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വളര്‍ത്തുമൃഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് മൂന്നുകിലോമീറ്റര്‍ പരിധിയിലാണ് വീണ്ടും കടുവ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ 10 പശുക്കള്‍ ചത്തിരുന്നു. കൂടാതെ ചില പശുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജമലയില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതെത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാരും തൊഴിലാളികളും റോഡ് ഉപരോധവും നടത്തി. നഷ്ടപരിഹാരം നല്‍കുമെന്നും കടുവയെ പിടികൂടുമെന്നും വനംവകുപ്പും അധികാരികളും ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. എന്നാല്‍, ഇതിനുശേഷവും കടവ പശുക്കളെ ആക്രമിച്ച് കൊല്ലുന്ന സംഭവമുണ്ടായി.

Tags:    

Similar News