കോഴിക്കോട് ജില്ലയില്‍ ടിപിആറും രോഗികളുടെ എണ്ണവും താഴേക്ക്

1817 പേര്‍ക്ക് കൂടി പോസിറ്റീവ്, ടി.പി.ആര്‍ 15.16 %

Update: 2021-05-26 13:55 GMT

കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് ഇന്ന് (മെയ് 26) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000 ന് താഴെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍ ആണ് ഇത്. ഏപ്രില്‍ 13ന് ആയിരുന്നു 15ന് താഴെ ടി.പി.ആര്‍ മുന്‍പ് ഉണ്ടായിരുന്നത്. മെയ് ഏഴിന് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 53,244 എത്തിയത് ഇപ്പോള്‍ 23,012 ആയി കുറഞ്ഞു. ഇതില്‍ 18071 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരേ 912 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിവാര ടി.പി. ആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്ത് കടലുണ്ടിയാണ്. 727 പേരെ പരിശോധിച്ചതില്‍ 234 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 32 ശതമാനമാണ് കടലുണ്ടിയില്‍ ടി.പി.ആര്‍. മെയ് 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. 24 തദ്ദേശ സ്ഥാപനങ്ങളാണ് ടി.പി.ആര്‍ 20 ന് മുകളിലുള്ളത്. തലക്കൂളത്തൂരില്‍ 29 ശതമാനവും ഫറോക്ക്, കുരുവട്ടൂര്‍, രാമനാട്ടുകര എന്നിവിടങ്ങളില്‍ 28 ശതമാനം വീതവുമാണ് ടി.പി.ആര്‍. 10 ശതമാനത്തിന് താഴെ ആറ് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ചങ്ങരോത്തും (അഞ്ച്), കൂരാച്ചുണ്ടിലുമാണ് (ആറ്) ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവുള്ളത്.

ഇന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. 1780 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 12398 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2957 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 3696 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 70,735 പേരാണ് നിരീക്ഷണത്തിലുള്ളത്.

Tags:    

Similar News