ട്രെയിന്‍ അപകടം; റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദര്‍ശിച്ചു

Update: 2022-01-14 06:28 GMT

ജല്‍പായ്ഗുരി; ബികാനിര്‍- ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. 36 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കില്ലാത്തവരെ വിട്ടയച്ചു. അപകടസ്ഥലത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അതേസമയം ചിലരെ കണ്ടെത്താനായിട്ടില്ലെന്ന് റിപോര്‍ട്ടുണ്ട്.

ആറ് പേരുടെ നില ഗുരുതരമാണ്. അവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതരമല്ലാത്തവരെ ജല്‍പായ്ഗുരിയിലെയും മേനാഗുരി ആശുപത്രിയിലേക്കും മാറ്റി.

വഴിയില്‍ കുടുങ്ങിയവരെ സ്‌പെഷ്യല്‍ ട്രെയിനില്‍ ഗുവാഹത്തി സ്‌റ്റേഷനിലെത്തിച്ചു.

റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവ് അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. യന്ത്രത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റെയില്‍ സേഫ്റ്റി കമ്മീഷന്‍ പ്രശ്‌നത്തെക്കുറിച്ച് പഠിക്കുന്നുണ്ട്. കമ്മീഷന്‍ റിപോര്‍ട്ട് വന്നാലേ ശരിയായ കാരണം കണ്ടെത്താനാവൂ.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കുന്ന തുക വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച വൈകീട്ടാണ് ഗുവാഹത്തി -ബികാനിര്‍ എക്‌സ്പ്രസ് ജല്‍പായ്ഗുരി ജില്ലയിലെ ന്യൂ ഡൊമോഹാനി സ്‌റ്റേഷനടുത്തുവച്ച് അപകടത്തില്‍ പെട്ടത്. 12ഓളം കോച്ചുകള്‍ പാളം തെറ്റി.

രാജസ്ഥാനിലെ ബികാനിറില്‍നിന്ന് പട്‌ന വഴി പോകുന്ന ട്രെയിനില്‍ 1,052 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു കോച്ചിനു മുകളില്‍ മറ്റൊരു കോച്ചെന്ന നിലയിലാണ് കിടന്നിരുന്നത്. മരിച്ചവരും പരിക്കേറ്റവരും തെറിച്ച് വീണ് പാളത്തിന് അരികിലാണ് കിടന്നിരുന്നത്. രാത്രിയായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയിരുന്നു. 2019 ഫെബ്രുവരിയില്‍ ബീഹാറില്‍ സീമാഞ്ചല്‍ എക്‌സ്പ്രസ് പാളം തെറ്റിയ ശേഷമുണ്ടാവുന്ന വലിയ അപകടമാണ് ഇത്. അന്ന് 6 പേരാണ് മരിച്ചത്.

Tags:    

Similar News