ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 238 ആയി. 900ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് നടുക്കിയ ദുരന്തമുണ്ടായത്. യശ്വന്ത്പുരില്‍ നിന്നു ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടി പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് ദുരന്തമുണ്ടായത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിക്കുകയായിരുന്നു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുര്‍-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റി. ഒഡിഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തെ തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
അതിനിടെ, ദുരന്തം സംബന്ധിച്ച് വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. അപകടത്തില്‍പ്പെട്ടവരുടെ കുടംബാംഗങ്ങള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും. നിസാര പരിക്കേറ്റ യാത്രക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചിച്ചു.