അഫ്ഗാനിലെ അധികാരമാറ്റം: ഇന്ത്യയും റഷ്യയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ
ന്യൂഡല്‍ഹി: അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയും റഷ്യയും നയതന്ത്രതലത്തില്‍ യോഗം ചേര്‍ന്നു. അഫ്ഗാനില്‍ രൂപപ്പെടാനിടയുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം യോജിച്ച് ബഹുമുഖതന്ത്രങ്ങളാവിഷ്‌കരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയെ ഉദ്ധരിച്ച് എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്.
അഫ്ഗാനിലെ അധികാരമാറ്റത്തിന്റെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വുമാണ് ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പട്രുഷെവ് എന്നിവരും പങ്കെടുത്തു.
അഫ്ഗാനിലെ വിവിധ വിഭാഗങ്ങളുമായി നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. അതിനുവേണ്ടി ഇരു രാജ്യങ്ങളിലെയും നേതൃത്വം ഏകോപിപ്പിച്ചുകൊണ്ടുള്ള നീക്കം നടത്തും. സംഭവിക്കാനിടയുള്ള കുടിയേറ്റ പ്രശ്‌നവും പരസ്പരം യോജിച്ച് നേരിടുമെന്ന് എംബസി അറിയിച്ചു.
അഫ്ഗാന്‍ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ടെലഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ തുടര്‍നടപടിയെന്ന നിലയിലാണ് റഷ്യ- ഇന്ത്യ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്. അഫ്ഗാനില്‍ രൂപം കൊണ്ടേക്കാവുന്ന സാമൂഹിക, വംശീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ.
ആഗസ്ത് 15ന് അധികാരംപിടിച്ച താലിബാന്‍ കഴിഞ്ഞ ദിവസമാണ് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും യാതൊരു പങ്കുമില്ലെന്ന വിമര്‍ശവും ഇരു രാജ്യങ്ങള്‍ക്കുമുണ്ട്.
താലിബാനെതിരേ അഫ്ഗാനിലും പ്രതിഷേധമുണ്ടെന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു.