യാത്രാവിലക്ക്: ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്താനാവാതെ ആയിരങ്ങള്‍
രോഗവ്യാപന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസയും ബ്രിട്ടന്‍ താത്കാലികമായി നിര്‍ത്തിവെച്ചു
ലണ്ടന്‍: ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ അതിവേഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം കാരണം ആയിരക്കണക്കിനു മലയാളികളുടെ ക്രിസ്തുമസ് അവധിക്കാല യാത്ര മുടങ്ങി. ബ്രിട്ടണില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയതോടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിനായി നാട്ടിലേക്ക് തിരിക്കാന്‍ ടിക്കറ്റെടുത്ത വിദ്യാര്‍ഥികളുള്‍പ്പടെയുള്ള മലയാളികള്‍ നാട്ടിലെത്താനാവാത്ത അവസ്ഥയിലാണ്. രോഗവ്യാപന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസയും ബ്രിട്ടന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയവരുടെ മടക്കവും പ്രതിസന്ധിയിലായി. യുകെ ഇന്ത്യ വ്യോമയാനമേഖലയില്‍ ഏറ്റവും തിരക്കേറിയ സീസണ്‍ കൂടിയാണിത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. വിമാന സര്‍വീസ് റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനും ബ്രിട്ടനിലേക്ക് തിരിച്ചുവരാനുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറെ ആശങ്കയിലാണെന്ന് യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിനിധി ഗ്രൂപ്പായ എന്‍.ഐ.എസ്.എ.യു അധ്യക്ഷ സനം അറോറ പറഞ്ഞു.