''ആദിവാസി ലുക്ക്, നായാടി ലുക്ക്, കോളനി ലുക്ക്, പെലയന്‍ ലുക്ക്, മുസ്‌ലിം ലുക്ക്'': മുന്‍ എന്‍ഐടി അധ്യാപകന്റെ ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍
കോഴിക്കോട്: ഒരാളെക്കാണുമ്പോള്‍ത്തന്നെ കുറ്റവാളിയാണെന്ന് നമുക്ക് തോന്നുന്നതെന്തുകൊണ്ടായിരിക്കും. മറ്റൊരാളെ കാണുമ്പോള്‍ മറിച്ചും തോന്നുന്നതെന്തുകൊണ്ടിരിക്കും? നമ്മുടെയൊക്കെയുള്ളലുള്ള വംശീയ മനോഭാവത്തെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തുകയാണ് മുന്‍ എന്‍ഐടി അധ്യാപകനായ സുദീപ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
സുദീപ് കെ എസ്
ട്രെയിന്‍ ഫറൂക്ക് സ്‌റ്റേഷനെത്തിയ നേരത്തായിരുന്നു മകനെയും കൂട്ടി യാത്ര ചെയ്യുന്ന ഞാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയാണ് എന്ന് ഏതോ യാത്രക്കാര്‍ പരാതി പറഞ്ഞിട്ട് ട്രെയിനിലെ പോലീസ് വന്നു കുറേ നേരം ചോദ്യം ചെയ്തു. എന്നെ കണ്ടിട്ട് ഒരു 'കുട്ടികളെ തട്ടിക്കൊണ്ടു പോവലുകാരന്‍' ലുക്ക് തോന്നിയതുകൊണ്ടാവണം. ആ ലുക്ക് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ. (കുട്ടിയാണെങ്കില്‍ എന്നേക്കാള്‍ വെളുത്തതും).
അത് 14 കൊല്ലത്തോളം മുമ്പാണ്, 2007 ഡിസംബറില്‍. അവസാനം അച്ഛനെ വിളിച്ചു ഫോണില്‍ സംസാരിച്ച്, അച്ഛന്‍ അവരുടെ ജോലി കളയുമെന്നൊക്കെ ഭീഷണിപ്പെടുത്തി, അവര്‍ പിന്നെ മാപ്പു പറഞ്ഞ്, ആരെങ്കിലും പരാതി പറഞ്ഞാല്‍ അവര്‍ക്ക് അന്വേഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞ്.. അപ്പോഴേയ്ക്കും മകന്‍ ഇതൊക്കെ ഒരു തമാശയാക്കി.. അത് അങ്ങനെ ഒരു സീന്‍.
ഏഴ് കൊല്ലം കഴിഞ്ഞ്, 2014 ഡിസംബറില്‍, അഗര്‍ത്തല എയര്‍പോര്‍ട്ടില്‍ വച്ച് എന്നെക്കൊണ്ട് മാത്രം ഷൂ ഊരി ട്രേയില്‍ വെപ്പിച്ചു. ഏതാണ്ടൊരു മൊട്ടത്തലയും കുറച്ച് താടിയും ഒക്കെയായി, കണ്ടിട്ട് ഒരു മുസ്‌ലിം ലുക്ക് തോന്നിയതുകൊണ്ടാവും (എന്റെ പേര് / identity card അവര്‍ നോക്കിയില്ല). അന്ന് ഞാന്‍ അവിടെക്കിടന്ന് കുറെ ബഹളമുണ്ടാക്കി. തലേന്ന് എന്നെയൊക്കെ വീട്ടില്‍ വിളിച്ചു വിരുന്നു തന്ന അഗര്‍ത്തല എന്‍ ഐ ടി യിലെ ഡയറക്ടര്‍ സെക്യൂരിറ്റി ചെക്കിന് അതേ വരിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു, അയാളോട് ഞാന്‍ പോയി പറഞ്ഞു ഞാന്‍ അവിടെ അയാളുടെ അതിഥിയായി വന്നതാണ് എന്നു പറയാന്‍. പുള്ളി ഒരക്ഷരം മിണ്ടിയില്ല.
ഇങ്ങനെയൊക്കെ കുറേ ഹുമിലിയേഷന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടു മാസം മുമ്പ് ഹൈദരാബാദില്‍ നിന്ന് കേരളത്തില്‍ പോയപ്പോള്‍ പാലക്കാട് സ്‌റ്റേഷനില്‍ വച്ച് പോലിസ് എന്നെക്കൊണ്ട് പെട്ടി തുറന്നു കാണിക്കാന്‍ പറഞ്ഞു.
ജോര്‍ജ് ഫ്‌ലോയിഡിനെ ചെയ്തതുപോലെ പോലെ നിങ്ങളെ കഴുത്തമര്‍ത്തി കൊന്നില്ലല്ലോ, ഇന്ത്യക്കാര്‍ എത്ര മാന്യന്മാര്‍ എന്ന് ഇന്ത്യക്കാര്‍ പറയുന്നു. മധ്യപ്രദേശിലെപ്പോലെ നിങ്ങളെ ട്രക്കിനു പിന്നില്‍ കെട്ടി വലിച്ചില്ലല്ലോ, മലയാളികള്‍ എത്ര മാന്യന്മാര്‍ എന്നു മലയാളികളും പറയുന്നു. ആദിവാസി ലുക്ക്, നായാടി ലുക്ക്. കോളനി ലുക്ക്, പെലയന്‍ ലുക്ക്, മുസ്‌ലിം ലുക്ക്, ബംഗാളി ലുക്ക്, മോഷ്ടാവ് ലുക്ക് എന്നിങ്ങനെ പല തരത്തില്‍ അളന്നെടുത്ത് നമ്മളെക്കൊണ്ടാവും പോലെയുള്ള റേസിസ്റ്റ് വിഷം മുഴുവന്‍ വമിപ്പിക്കുമ്പോഴും.