നായാട്ടിനിടെ ആദിവാസിയുവാവ് വെടിയേറ്റ് മരിച്ച സംഭവം: പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയ കേസെടുത്തു
ഇടുക്കി: ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയില്‍ മഹേന്ദ്രന്‍ എന്ന ആദിവാസി യുവാവ് വെടിയേറ്റ് മരിക്കുകയും പ്രതികള്‍ മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഇടുക്കി ജില്ലാ പോലിസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
ഇടുക്കി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. നായാട്ടിനിടെ കാടിനുള്ളില്‍ വെടിയേറ്റുമരിച്ച മഹേന്ദ്രന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ വനത്തില്‍ കുഴിച്ചിട്ടുവെന്നാണ് കേസ്. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പിന്നീട് പോലിസില്‍ കീഴടങ്ങി. മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പോലിസും പ്രതികളും പറയുന്നത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം പോതമേട് വനത്തില്‍ കുഴിച്ചിടുകയായിരുന്നു.
കഴിഞ്ഞ മാസം 28 മുതലാണ് മഹേന്ദ്രനെ കാണാതായത്. ബന്ധുക്കള്‍ രാജാക്കാട് പോലിസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മഹേന്ദ്രന്‍ നായാട്ടിന് പോയതാണെന്ന വിവരം ലഭിച്ചത്. ഇതിന് പിന്നാലെ മഹേന്ദ്രനൊപ്പമുണ്ടായിരുന്ന കുഞ്ചിത്തണ്ണി സ്വദേശികളായ രണ്ടുപേര്‍ പോലിസില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.