ലഡാക്കില്‍ മരിച്ച സൈനികന്‍ ഷൈജലിന് ജന്‍മനാടിന്റെ അന്ത്യാഞ്ജലി

Update: 2022-05-29 14:35 GMT

മലപ്പുറം: ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന് ജന്‍മനാടിന്റെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ പത്തോടുകൂടി എയര്‍ ഇന്ത്യയുടെ Al 0425 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച ഷൈജലിന്റെ ഭൗതിക ശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ വിലാപയാത്രയായാണ് ജന്‍മനാടായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയത്. മുഖ്യമന്ത്രിക്ക് വേണ്ടി കായിക മന്ത്രി വി അബ്ദുറഹിമാന്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ പി അബ്ദുല്‍ ഹമീദ്, കെ പി എ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സന്‍ ഫാത്തിമത്ത് സുഹറാബി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ സുരേഷ് ശേഷാദ്രി വാസം, ടെര്‍മിനല്‍ മാനേജര്‍മാരായ അര്‍ജുന്‍ പ്രസാദ്, ബാബു രാജേഷ്, കൊണ്ടോട്ടി തഹസില്‍ദാര്‍ പി അബൂബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭൗതിക ശരീരം ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍, സിഐഎസ്എഫ് കാമാന്‍ഡര്‍, മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മ, എന്‍സിസി തുടങ്ങിയവര്‍ ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

രാവിലെ പതിനൊന്നോടെ ഷൈജല്‍ പഠിച്ചുവളര്‍ന്ന തിരൂരങ്ങാടി യത്തീം ഖാനയില്‍ (പിഎസ്എംഒ കോളജ് കാംപസ്) ഭൗതികശരീരം പൊതുദര്‍ശനത്തിനായി എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ ഷൈജലിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഒരുമണിയോടെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലെത്തിച്ചു. ഗാര്‍ഡ് ഓഫ് ഓണറിനുശേഷം അങ്ങാടി മുഹയദ്ദീന്‍ ജുമാഅത്ത് പള്ളിയില്‍ ഷൈജലിന്റെ മൃതദേഹം സംസ്‌കരിച്ചു. 122 TA മദ്രാസ് ബറ്റാലിയനാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഷൈജലിന്റെ മാതാവ് സുഹ്‌റ, ഭാര്യ റഹ്മത്ത്, മക്കളായ ഫാത്തിമ സന്‍ഹ, മുഹമ്മദ് അന്‍സില്‍ എന്നിവര്‍ക്ക് 22 nd കമാന്‍ഡന്റ് ലെഫ്റ്റനന്റ് കേണല്‍ സിദ്ധാന്ത് ചിബ്ബര്‍ ദേശീയ പതാക കൈമാറി.

ഡല്‍ഹിയില്‍ നിന്നും ഹവില്‍ദാര്‍ ഷൈജലിന്റെ മൃതദേഹത്തെ സുബൈദാര്‍ പി എച്ച് റഫി അനുഗമിച്ചു. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ എ ഉസ്മാന്‍, തിരൂര്‍ ആര്‍ഡിഒ പി സുരേഷ്, തഹസില്‍ദാര്‍ പി ഒ സാദിഖ്, യത്തീംഖാന സെക്രട്ടറി എം കെ ബാവ, കെഎന്‍എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, കെഎന്‍എം മര്‍കസ് ദഅ്‌വ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, മുന്‍ എംഎല്‍എ പി എം എ സലാം, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Tags:    

Similar News