ഒരാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയ സൈനികന്‍ ലഡാക്കില്‍ മരിച്ചു

Update: 2023-01-28 05:17 GMT

മലപ്പുറം: ഒരാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ് നാട്ടില്‍നിന്ന് മടങ്ങിയ സൈനികന്‍ കശ്മീരിലെ ലഡാക്കില്‍ മരിച്ചു. ആര്‍മി പോസ്റ്റല്‍ സര്‍വീസിലെ ശിപായി കീഴുപറമ്പ് കുനിയില്‍ കോലോത്തുംതൊടി നുഫൈല്‍ (27) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും.

എട്ടുവര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന നുഫൈല്‍ രണ്ടുവര്‍ഷമായി കശ്മീരിലാണ്. ഡിസംബര്‍ അവസാനം നാട്ടിലെത്തിയിരുന്നു. ജനുവരി രണ്ടിന് മുക്കം കുളങ്ങര സ്വദേശിനിയുമായി വിവാഹം കഴിഞ്ഞ് 22നാണ് മടങ്ങിയത്. കോയമ്പത്തൂരിലേയ്ക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. വ്യാഴം രാവിലെ 10.30ന് ഭാര്യയെ വിളിച്ചിരുന്നു. രാത്രി ഒമ്പതരയോടെയാണ് മരിച്ചതായി വിവരം ലഭിച്ചത്. നുഫൈലിന്റെ പിതാവ് മുഹമ്മദ് കുഞ്ഞാന്‍ നേരത്തേ മരിച്ചു. ഉമ്മ ആമിനയും നുഫൈലിന്റെ സഹോദരിയുമാണ് കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    

Similar News