ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിനു സമീപം ചൈന സ്ഥാപിക്കുന്ന പ്രതിരോധസൗകര്യങ്ങള്‍ ആപത്കരവും കണ്ണുതുറപ്പിക്കുന്നതുമാണെന്ന് യുഎസ് സൈന്യത്തിന്റെ പസഫിക് കമാന്‍ഡിങ് ജനറല്‍ ചാള്‍സ് എ ഫ്‌ലിന്‍. ചൈനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ണുതുറപ്പിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭയമുളവാക്കുന്നതാണ്. കര-നാവിക-വ്യോമ മേഖലകളിലുള്ള ചൈനയുടെ ആയുധശേഖരം കാണുമ്പോള്‍, അതിന്റെ ആവശ്യമെന്തെന്ന ചോദ്യം ഉയര്‍ന്നുവരും.
ഇന്തോപസഫിക് മേഖലയില്‍ ചൈന കാണിക്കുന്ന അസ്ഥിരവും നാശോന്മുഖവുമായ പെരുമാറ്റം ഒട്ടും ഗുണകരമല്ല. ഇതിന് പ്രതിവിധിയായി സഖ്യകക്ഷികളുടെയും പങ്കാളികളുടെയും ശൃംഖല ശക്തിപ്പെടുത്തുകയും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട് ഫ്‌ലിന്‍ മുന്നറിയിപ്പ് നല്‍കി. നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തിയ ഫ്‌ലിന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ പങോങ്‌സു തടാകത്തിനു ചുറ്റുമായി ചൈന കൈവശംവെച്ചിരിക്കുന്ന പ്രദേശത്ത് രണ്ടാമതൊരു പാലം നിര്‍മിക്കുന്നുണ്ടെന്നും മേഖലയില്‍ അവരുടെ സൈന്യത്തെ വേഗം അണിനിരത്താന്‍ സഹായിക്കുമെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിറകെയാണ് ഫ്‌ലിന്നിന്റെ പ്രസ്താവന.