ബാങ്കോക്ക്: അമേരിക്കയിലേക്കുള്ള ഗാലിയം, ജെര്‍മേനിയം, ആന്റിമണി, സൈനിക ഉപയോഗത്തിന് സാധ്യതയുള്ള മറ്റ് പ്രധാന ഹൈടെക് വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി നിരോധിക്കുന്നതായി പ്രഖ്യാപിച്ച് ചൈന. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് തീരുവ കുത്തനെ ഉയര്‍ത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ചൈന വ്യാപാര നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
ചൈനീസ് കമ്പനികള്‍ക്കെതിരായ ഉപരോധം, ചൈനയുടെ സാങ്കേതിക പുരോഗതിക്കെതിരായ അടിച്ചമര്‍ത്തല്‍ നയം തുടങ്ങിയവയില്‍ യുഎസിനോടുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.
ഗാലിയം, ജെര്‍മേനിയം തുടങ്ങിയ തന്ത്രപ്രധാനമായ വസ്തുക്കള്‍ യുഎസിലേക്ക് അയയ്ക്കുന്നതിന് കയറ്റുമതിക്കാര്‍ ലൈസന്‍സിനായി അപേക്ഷിക്കണമെന്ന് 2023 ജൂലൈയില്‍ ചൈന അറിയിച്ചിരുന്നു. ബാറ്ററികള്‍ മുതല്‍ ആയുധങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ആന്റിമണിയുടെ കയറ്റുമതി നിയന്ത്രിക്കുമെന്നും ഗ്രാഫൈറ്റ് കയറ്റുമതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഓഗസ്റ്റില്‍ ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.
2021 ലെ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ റിപോര്‍ട്ട് അനുസരിച്ച്, ആന്റിമണിയുടെ പ്രധാന നിര്‍മ്മാതാവാണ് ചൈന, ഇത് ഫ്‌ലേം റിട്ടാര്‍ഡന്റുകള്‍, ബാറ്ററികള്‍, നൈറ്റ് വിഷന്‍ ഗ്ലാസുകള്‍, ആണവായുധ നിര്‍മ്മാണം എന്നിവയില്‍ ഉപയോഗിക്കുന്നു. ഗാലിയം, ജെര്‍മേനിയം എന്നിവയുടെ ഏറ്റവും വലിയ ആഗോള സ്രോതസ്സാണ് ചൈന. അമേരിക്കയുടെ വ്യാപാര നിയന്ത്രണങ്ങളില്‍ നിന്ന് തങ്ങളെത്തന്നെ സംരക്ഷിക്കുകയാണെന്നാണ് ചൈനയുടെ വാദം.
നൂതന ചിപ്പ് നിര്‍മ്മാണ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താനുള്ള യുഎസ് നീക്കത്തില്‍ പ്രതിഷേധിച്ച് വിവിധ ചൈനീസ് വ്യവസായ അസോസിയേഷനുകള്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. ഇത്തരം പെരുമാറ്റം വിപണി സമ്പദ്വ്യവസ്ഥയുടെ നിയമങ്ങളെയും ന്യായമായ മത്സര തത്വത്തെയും ഗുരുതരമായി ലംഘിക്കുമെന്നും ആഗോള വ്യാവസായിക ശൃംഖലയുടെ സ്ഥിരതയെ തടസ്സപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് അമേരിക്കയ്ക്ക് ഗാലിയം, ജെര്‍മേനിയം ലോഹങ്ങളുടെ പകുതിയോളം ചൈനയില്‍ നിന്നാണ് ലഭിക്കുന്നത്. ചൈന 2022-ല്‍ 23 മെട്രിക് ടണ്‍ (25 ടണ്‍) ഗാലിയം കയറ്റുമതി ചെയ്തിരുന്നു. പ്രതിവര്‍ഷം 600 മെട്രിക് ടണ്‍ (660 ടണ്‍) ജെര്‍മേനിയമാണ് ചൈന ഉത്പാദിപ്പിക്കുന്നത്.