ആരും മനസിലാക്കാനില്ല, ആര്‍ക്കും സമയമില്ല; എഐ വളര്‍ത്തുമൃഗങ്ങളെ വാങ്ങി ചൈനക്കാര്‍

ബെയ്ജിംങ്: ബെയ്ജിംങിലെ ഒരു ഷോപ്പിംങ് സെന്ററില്‍, ഴാങ് യാചുന്‍ തന്റെ ഏറ്റവും അടുത്ത വിശ്വസ്തനോട് സംസാരിക്കുകയാണ്. തനിക്കൊപ്പമുള്ള ആ റോബോട്ടിന്റെ ശാന്തമായ മുഖം അവള്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാക്കുന്നുണ്ട്.
19 കാരനായ ഷാങ്, സ്‌കൂളിലും ജോലിയിലും അസംതൃപ്തനായിരുന്നു. സൗഹൃദം പങ്കിടാന്‍ അവന് ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു 'സ്മാര്‍ട്ട് പെറ്റ്' വാങ്ങിയതുമുതല്‍, അവന്റെ ജീവിതം ആയാസരഹിതവും സന്തോഷം നിറഞ്ഞതുമായി.
മേല്‍ പറഞ്ഞത് ഴാങ് യാചുന്‍, ഷാങ് എന്നിവരുടെ മാത്രം അനുഭവമല്ല. ചൈനയില്‍ ഇപ്പോള്‍ മിക്ക ആളുകളും സന്തോഷകരമായ സമയം പങ്കിടാന്‍ എഐ വളര്‍ത്തു മൃഗങ്ങളെയാണ് ഉപയോഗിക്കുന്നത്.തങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ പങ്കിടാന്‍ ഓരോരുത്തരും എഐ വളര്‍ത്തുമൃഗങ്ങളെ വാങ്ങിക്കുന്ന തിരക്കിലാണ്.
ചൈനയിലെ മെച്ചപ്പെട്ട സാങ്കേതികവിദ്യ സാമൂഹിക ഒറ്റപ്പെടലിനെതിരെ പോരാടുന്നതിനു വേണ്ടി ജനങ്ങളെ പ്രാപ്തരാക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. വലിയ തോതിലാണ് ആളുകള്‍ എഐ റോബോട്ട് എന്ന ആശയത്തിലേക്ക് തിരിയുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഇവ വലിയ മാനസിക പിന്തുണ നല്‍കുന്നതായി ആളുകള്‍ പറയുന്നു. വിവിധ തരത്തിലുള്ള മൃഗങ്ങളായാണ് എഐ റോബോട്ടുകള്‍ വിപണിയിലെത്തുന്നത്. അതില്‍ പട്ടികളും പന്നികളും പൂച്ചകളും എന്നിങ്ങനെ എല്ലാ വിഭാഗവും ഉണ്ട്. സംഭാഷണ ചാറ്റ്‌ബോട്ടുകള്‍ മുതല്‍ മരിച്ചയാളുടെ അവതാറുകള്‍ വരെ വിപണിയിലുണ്ട്.

ഇതില്‍ തന്നെ ഗിനി പന്നിയോട് സാമ്യമുള്ള എഐ റോബോട്ടുകള്‍ക്കും പട്ടികള്‍ക്കും വലിയ വിപണി തന്നെ ഉണ്ട്. ഗിനി പന്നിയോട് സാമ്യമുള്ള എഐ റോബോട്ടുകള്‍ നിര്‍മ്മിക്കുന്നത് ഹാങ്സോ ജെന്‍മൂര്‍ ടെക്നോളജി ഉപയോഗിച്ചാണ്. കുട്ടികളുടെ സാമൂഹിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് വികസിപ്പിച്ചെടുത്ത ഇത് മെയ് മുതല്‍ ഏകദേശം 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനിയുടെ മാനേജര്‍ ആദം ഡുവാന്‍ പറയുന്നു. റോബോട്ടും മനുഷ്യ സുഹൃത്തുക്കളുടെ അതേ പങ്കാണ് വഹിക്കുന്നതെന്ന് ഡുവാന്‍ പറയുന്നു.

കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഐമാര്‍ക്ക് ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍, 2033-ഓടെ ബൂബൂ പോലുള്ള 'സോഷ്യല്‍ റോബോട്ടുകളുടെ' ആഗോള വിപണി ഏഴ് മുതല്‍ 42.5 ബില്യണ്‍ യുഎസ് ഡോളര്‍ വരെ വളരുമെന്നാണ് പ്രതീക്ഷ. കുട്ടികളെ പഠനത്തില്‍ സഹായിക്കുകയും കളിയില്‍ കൂട്ടു കൂടുകയും ചെയ്യുന്ന റോബോട്ടുകള്‍ തങ്ങള്‍ക്ക് വലിയ സഹായകമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. ഉയര്‍ന്ന ജീവിതച്ചെലവ്, വര്‍ദ്ധിച്ച ജോലി സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ തുടങ്ങിയവ ആളുകളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ഇക്കാലത്ത് ഇത്തരം റോബോട്ടുകളില്‍ ആശ്വാസം കണ്ടെത്തുകയാണ് മിക്കവരും. 1990കളില്‍ ജപ്പാനിലെ ഡിജിറ്റല്‍ തമാഗോച്ചികളായിരുന്നു കൗതുകമെങ്കില്‍ ഇന്ന് എഐ റോബോട്ടുകളാണ് താരം.