ബെയ്ജിങ്: ചൈനീസ് ജനസംഖ്യ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറഞ്ഞു. ഇതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായി. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായിരുന്ന ചൈനയെ കഴിഞ്ഞ വര്‍ഷം യുഎന്‍ കണക്കുകള്‍ പ്രകാരം ഇന്ത്യ പിന്തള്ളിയിരുന്നു. ദേശീയ കണക്കുകള്‍ പ്രകാരം ഇപ്പോഴത്തെ ചൈനീസ് ജനസംഖ്യ 1.409 ബില്യണ്‍ ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ 2.08 മില്ല്യണ്‍ കുറഞ്ഞതായാണ് റിപോര്‍ട്ട്. ഇന്ത്യന്‍ ജനസംഖ്യ 1.425 ബില്യണ്‍ ആണ്. ചൈനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 850,000 പേരുടെ കുറവാണുണ്ടായത്. 1000 പേര്‍ക്ക് 6.39 എന്ന നിലയില്‍ ജനനനിരക്ക് ഇപ്പോള്‍ കുറഞ്ഞതായി ബെയ്ജിങ് അറിയിച്ചു. ജപ്പാന്റെ ജനന നിരക്ക് 6.3 ഉം ദക്ഷിണ കൊറിയയുടെ ജനന നിരക്ക് 4.9 ഉം ആണ്. ജനസംഖ്യാ വര്‍ധനവിന്റെ പേരില്‍ 1980 മുതല്‍ 2015 വരെ വിവാദമായ ഒരു കുട്ടി നയത്തിന്റെ ഭാഗമായി ജനസംഖ്യ നിയന്ത്രിച്ചിരുന്നെങ്കിലും ഈയിടെയാണ് നയം മാറ്റിയിരുന്നു. കുടുംബങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനു സബ്‌സിഡിയും മറ്റും ഏര്‍പ്പെടുത്തിയിരുന്നു. 2021ല്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാവാമെന്ന് വ്യക്തമാക്കി. എന്നാല്‍ നഗരങ്ങളിലെ ജീവിതച്ചെലവും സ്ത്രീകളുടെ തൊഴില്‍ മുന്‍ഗണനകളും മറ്റും യുവതലമുറയെ സ്വാധീനിച്ചെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 1978ല്‍ ചൈനീസ് ജനസംഖ്യ ആയിരം പേര്‍ക്ക് 18.25 ആയിരുന്നെങ്കില്‍ 2022ല്‍ ഇത് ആയിരം പേര്‍ക്ക് 6.77 ആയി കുറഞ്ഞു. ഏറ്റവും പുതിയ ജനസംഖ്യാ ഡാറ്റ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക ശക്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ചൈനയുടെ 2023ലെ മരണനിരക്ക് ദശാബ്ദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 2022ലെ ആയിരം പേര്‍ക്ക് 7.37 മരണനിരക്കില്‍ നിന്ന് ഇത് 7.87 ആയി. ചൈനീസ് വിപ്ലവം നടന്ന 1974ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.