ചൈനയുമായി ബന്ധം ശക്തമാക്കി മാലദ്വീപ്; 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുമായി അകലുന്നതിനിടെ ചൈനയുമായി കൂടുതല്‍ അടുത്ത് മാലദ്വീപ്. ചൈനയുമായി ടൂറിസം സഹകരണം ഉള്‍പ്പെടെ സുപ്രധാന കരാറുകളിലണ് മാലദ്വീപ് ഒപ്പുവച്ചിരിക്കുന്നത്. തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാന്‍ ധാരണയിലുമെത്തി. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തിയിരുന്നു. ഈ സന്ദര്‍ശനത്തിലാണ് ചൈനയുമായി 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചത്. ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കല്‍, ബ്ലൂ ഇക്കോണമി, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. മാലദ്വീപിന് ചൈന ഗ്രാന്റ് സഹായം നല്‍കാനും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപിലെ മന്ത്രിമാരുടെ പരാമര്‍ശം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയയ്ക്കാന്‍ ചൈനയോട് മുഹമ്മദ് മുയിസു അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപില്‍ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിയില്‍ ഇരുരാജ്യങ്ങളും ഒപ്പെവച്ചതായി മാലിദ്വീപ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചൈനീസ് പ്രീമിയര്‍ ലി ക്വിയാങ് ഉള്‍പ്പെടെയുള്ള നേതാക്കളെ സന്ദര്‍ശിച്ചശേഷം മുയിസു മാലദ്വീപിലേക്ക് മടങ്ങും.