ചൈനീസ് വിദേശകാര്യമന്ത്രി ഈ മാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും
ഈ മാസം അവസാനത്തോടെ സന്ദര്‍ശനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഈ മാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഈ മാസം അവസാനത്തോടെ സന്ദര്‍ശനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഉന്നത ചൈനീസ് നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളും സൈനികതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായെന്ന് വാങ് യി അടുത്തിടെ സമ്മതിച്ചിരുന്നു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അതിര്‍ത്തി തര്‍ക്കമുള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ ന്യായമായ പ്രതിവിധിയുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ചില ശക്തികള്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ സന്ദര്‍ശനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ ഭാഗത്ത് നിന്നാണ് സന്ദര്‍ശനം നടത്താമെന്ന അഭിപ്രായം ഉയര്‍ന്നത്. ബംഗ്ലാദേശ്, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും ചൈനീസ് വിദേശകാര്യമന്ത്രി സന്ദര്‍ശിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. 2020 ജൂണില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇരു ഭാഗത്തും സൈനികര്‍ ജീവഹാനി നേരിട്ടിരുന്നു.