ത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍

Update: 2023-01-27 15:53 GMT

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍ ചേര്‍ന്നു. സിപിഎം എംഎല്‍എ മൊബോഷര്‍ അലി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബില്ലാല്‍ മിയ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. വടക്കന്‍ ത്രിപുരയിലെ കൈലാസഹര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അലി.

മിയ 1988ലും 1998ലും രണ്ട് തവണ പടിഞ്ഞാറന്‍ ത്രിപുരയിലെ ബോക്‌സാനഗര്‍ സീറ്റില്‍ വിജയിച്ചു. ഇരുവരും മുതിര്‍ന്ന ന്യൂനപക്ഷ നേതാക്കളും കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് അലി പാര്‍ട്ടി വിട്ടത്. അലിയുടെ കൈലാസഹര്‍ മണ്ഡലം ഇത്തവണ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് സിപിഎം വിട്ടുകൊടുത്തിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി 47 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 13 സീറ്റുകള്‍ കോണ്‍ഗ്രസിനാണ്. ത്രിപുരയില്‍ ഭരണം തിരിച്ചുപിടിക്കാനായി കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്ത് പോരാട്ടത്തിനിറങ്ങിയ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് എംഎല്‍എയുടെ കൂറുമാറ്റം.

അതേസമയം, ത്രിപുരയിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഡല്‍ഹിയില്‍ ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരാണ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ തവണ നേടിയ ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവും.

Tags:    

Similar News