ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് വോട്ടെണ്ണല്‍ ഇന്ന്

Update: 2023-03-02 01:33 GMT

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കും. മൂന്നിടത്തും 60 സീറ്റുകള്‍ വീതമാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റാണ്. നാഗാലാന്‍ഡിലും മേഘാലയയിലും 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. ത്രിപുരയില്‍ ബിജെപിയും നാഗാലാന്‍ഡില്‍ ബിജെപി സഖ്യവും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. മേഘാലയയില്‍ എന്‍പിപി വലിയ ഒറ്റക്കക്ഷിയാകുമെന്നും പ്രവചനമുണ്ട്.

ത്രിപുരയില്‍ ബിജെപി- ഐപിഎഫ്ടി സഖ്യവും സിപിഎം- കോണ്‍ഗ്രസ് സഖ്യവും തമ്മിലാണു പ്രധാന മല്‍സരം. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതി വന്നാല്‍ ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോത്തയും നിര്‍ണായക ഘടകമാവും. നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യം വിജയം ഉറപ്പിച്ചുവെന്നാണ് എല്ലാ ഏജന്‍സികളുടെയും പ്രവചനം. മേഘാലയയില്‍ എന്‍പിപിയും ബിജെപിയും വെവ്വേറെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഇരുപാര്‍ട്ടികളും യോജിക്കാനാണു സാധ്യത. ഇതിനായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുമായി കൂടിക്കാഴ്ച നടത്തി. മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാമത്തെ വലിയ കക്ഷിയാവുമെന്നാണു പ്രവചനം.

Tags:    

Similar News