മുരളീധരന്റെ തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് പോര് രൂക്ഷം; തൃശൂരിൽ വീണ്ടും പോസ്റ്റർ
തൃശൂര്‍: തൃശ്ശൂര്‍ ഡിസിസി ഓഫിസിലെ കൂട്ടയടിക്ക് പിന്നാലെ വീണ്ടും പോസ്റ്റര്‍. എംപി വിന്‍സന്റിനെതിരെയാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. തൃശ്ശൂര്‍ പ്രസ് ക്ലബ്ബിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് തൃശ്ശൂരില്‍ കെ മുരളീധരന്റെ തോല്‍വിയെ തുടര്‍ന്ന് പോസ്റ്റര്‍ പതിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് ചെയര്മാന് എംപി വിന്‍സന്റിനും അനില്‍ അക്കരയ്ക്കും എതിരെ പോസ്റ്ററുകള്‍ വന്നിരുന്നു.
കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെയാണ് ഗ്രൂപ്പ് തിരിഞ്ഞ് പോസ്റ്ററുകള്‍ പതിക്കുന്നത് ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും മുന്‍ എംപിടി എന്‍ പ്രതാപനുമെതിരെ കഴിഞ്ഞ ദിവസങ്ങളിലും പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോര് കഴിഞ്ഞ ദിവസം കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു.
ഡിസിസിയില്‍ കയ്യാങ്കളിയില്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഡിസിസി സെക്രട്ടറി സജീവന് കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേര്‍ന്ന് തടഞ്ഞുവച്ചു, മര്‍ദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്.