ട്യൂണ മല്‍സ്യ കയറ്റുമതി അഴിമതിക്കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ട്യൂണ മല്‍സ്യക്കയറ്റുമതിയിലുണ്ടായ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കൊച്ചി ഇഡി ഓഫിസിലാണ് മുഹമ്മദ് ഫൈസലിനെ ചോദ്യം ചെയ്യുന്നത്. എംപിയുടെ അനന്തരവന്‍ ഭാഗമായ ശ്രീലങ്കന്‍ കമ്പനിക്ക് ട്യൂണ മല്‍സ്യം കയറ്റുമതി ചെയ്തതിലുണ്ടായ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഏതാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് മല്‍സ്യക്കയറ്റുമതിയില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് 400 രൂപ വിലയുളള ട്യൂണ മല്‍സ്യം പ്രാദേശിക മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് ലക്ഷദ്വീപ് കോ ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (എല്‍സിഎംഎഫ്) വഴി സംഭരിച്ച് എസ്ആര്‍ടി ജനറല്‍ മര്‍ച്ചന്റ്‌സിന് കയറ്റുമതി ചെയ്‌തെന്നും എന്നാല്‍ എല്‍സിഎംഎഫിന് കമ്പനി പണം നല്‍കാത്തതിനാല്‍ ഫെഡറേഷനും പ്രാദേശിക മല്‍സ്യത്തൊഴിലാളികള്‍ക്കും വന്‍ വരുമാനനഷ്ടമുണ്ടായതായുമാണ് ആക്ഷേപം.