പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ്: ഗോ എയര്‍ പൈലറ്റിനെ പിരിച്ചുവിട്ടു

Update: 2021-01-11 01:08 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്തതിന് സീനിയര്‍ പൈലറ്റിനെ ഗോ എയര്‍ പിരിച്ചുവിട്ടു. ജനുവരി ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഗോ എയര്‍ പൈലറ്റ് മിക്കി മാലിക് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി ഒരു വിഡ്ഡിയാണ്, നിങ്ങള്‍ക്ക് എന്നെ തിരിച്ചും വിളിക്കാം, പക്ഷേ കുഴപ്പമില്ല, എന്തെന്നാല്‍ ഞാന്‍ പ്രധാനമന്ത്രിയല്ല' എന്നായിരുന്നു. മിക്കി മാലിക്കിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വലിയ വിമര്‍ശനം ഉയരുകയും മാലിക്കിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് പൂട്ടുകയുമായിരുന്നു. ഇതിനിടയിലാണ് കമ്പനിയുടെ നടപടി.


എല്ലാ ജീവനക്കാരും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കമ്പനിയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും, ജീവനക്കാരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളില്‍ കമ്പനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഗോ എയര്‍ വക്താവ് വ്യക്തമാക്കി.


അതേസമയം, പ്രധാനമന്ത്രിക്ക് എതിരായ ട്വീറ്റില്‍ ക്ഷമ ചോദിച്ച് പിരിച്ചുവിട്ട പൈലറ്റ് രംഗത്തെത്തി. തന്റെ ട്വീറ്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍  മാപ്പ് ചോദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. 'എന്റെ ട്വീറ്റുകളില്‍ ഗോ എയറിന് നേരിട്ടോ അല്ലാതെയോ പങ്കില്ല. എന്റെ തെറ്റുകളുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയും പരിണിതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറുമാണ്' പൈലറ്റ് പറഞ്ഞു.

Tags:    

Similar News