ശശികലയുടെ സ്വീകരണറാലിക്കിടെ രണ്ട് കാറുകള്‍ കത്തിനശിച്ചു

Update: 2021-02-08 10:41 GMT

ചെന്നൈ: വികെ.ശശികലയ്ക്ക് കൃഷ്ണഗിരിയില്‍ ഒരുക്കിയ സ്വീകരണറാലിക്കിടെ രണ്ടു കാറുകള്‍ക്ക് തീപിടിച്ചു. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപം ശശികല എത്തിയപ്പോള്‍ റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകളാണ് കത്തി നശിച്ചത്. പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് കാറുകള്‍ അഗ്‌നിക്കിരയായത്. കാറുകള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാവിലെ ചെന്നൈയില്‍ നിന്നും യാത്ര തിരിച്ച ശശികലയ്ക്ക് അകമ്പടിയായി നൂറോളം വാഹനങ്ങളും ഒപ്പമുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ ശശികലയുടെ കാറിലെ അണ്ണാ ഡിഎംകെ പതാക പോലീസ് നോട്ടീസ് നല്‍കി നീക്കി. ബംഗളൂരു മുതല്‍ ചെന്നൈ വരെ മുപ്പത്തിരണ്ട് സ്ഥലങ്ങളിലാണ് ശശികലയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതയായാണ് ശശികല തമിഴ്‌നാട്ടിലേക്ക് പോകുന്നത്.




Similar News