ആയിരം പേരെ നിയമവിരുദ്ധമായി മതംമാറ്റിയെന്നാരോപിച്ച് യുപിയില്‍ രണ്ട് ഇസ് ലാമിക പ്രബോധകരെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഇസ് ലാമിലേക്ക് ആയിരം പേരെ നിയമവിരുദ്ധമായി മതംമാറ്റിയെന്നാരോപിച്ച് രണ്ട് ഇസ് ലാമിക പ്രബോധകരെ യുപിയിലെ ഭീകരത വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മുഹമ്മദ് ഉമര്‍ ഗൗതത്തെയും അദ്ദേഹത്തിന്റെ സഹായി മുഫ്തി മുഹമ്മദ് ജഹാംഗീറിനെയുമാണ് തെക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലെ അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
യുപിയിലെ ഗോമ്തി നഗര്‍ പോലിസ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദവ സെന്ററിലെ ഉമര്‍ ഗൗതമിനും ജഗാംഗീറും പുറമെ പേര് രേഖപ്പെടുത്തിയിട്ടില്ലാത്ത ചിലരും പ്രതികളാണ്.
മതംമാറ്റ നിരോധന നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ഐപിസി 420, 120 ബി, 153 എ, 153 ബി, 295 എ, 511 എന്നിവയുംചുമത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ ജനസംഖ്യ മാറ്റിമറിക്കുന്നതിനുവേണ്ടി ഇരുവരും ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. മതംമാറ്റം വഴി രാജ്യത്ത് സാമുദായി സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും അഖംണ്ഡതയെയും പരമാധികാരത്തെയും ചോദ്യം ചെയ്തു- എഫ്‌ഐആറില്‍ പറയുന്നു.
ദുര്‍ബല വിഭാഗത്തില്‍ നിന്നുള്ള പാവപ്പെട്ടവരെ തൊഴിലും പണവും വാഗ്ദാനം ചെയ്ത് മതം മാറ്റിയെന്ന് ഇരുവരും സമ്മതിച്ചതായി ലഖ്‌നോവില്‍ നത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലിസ് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് വിദേശസഹായം ലഭിച്ചതിന്റെ രേഖകള്‍ ലഭിച്ചതായും പോലിസ് അവകാശപ്പെട്ടു.
ഫോണ്‍ വിളിച്ച സമയത്ത് തന്റെ മകന്‍ ഫോണ്‍ എടുത്തതായും പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് ഡിസ്‌കണക്റ്റ് ചെയ്തതായും ഉമര്‍ ഗൗതമിന്റെ കുടുംബം പറഞ്ഞു. പിന്നീട് ഗൗതം ഇതുവരെ വിളിച്ചിട്ടില്ല.
പ്രബോധകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
മതംമാറ്റം ഒരു കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. ഭരണഘടനയുടെ 25ാം അനുച്ഛേദമനുസരിച്ച് ഇന്ത്യയിലെ ഓരോ പൗരനും അതിനുളള അവകാശമുണ്ട്. ഐഎസ്‌ഐ ആരോപണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ഭരണഘടനാ അവകാശങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണെന്ന് എഎപി എംഎല്‍എയും ഡല്‍ഹി വക്കഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുള്ള ഖാന്‍ അഭിപ്രായപ്പെട്ടു.