വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതം നൽകും
തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മുഴുവൻപേരുടെയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രാഥമികമായി നൽകിയ സഹായധനത്തിന് പുറമെയാണ് രണ്ട് ലക്ഷം രൂപ വീതം നൽകുക.
അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞവർക്കും തുടർ ചികിത്സ ആവശ്യമുള്ളവർക്കുമുള്ള എല്ലാ ചികിത്സാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.
ഏറെ വേദനാജനകമായ ദുരന്തമാണ് വടക്കഞ്ചേരിയിൽ ഉണ്ടായത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശക്തമായ നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ല. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നേരത്തേ പ്രഖ്യാപിച്ച നടപടികൾ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ കർക്കശമായി നടപ്പിലാക്കുമെന്നും സംഭവത്തിൽ കുറ്റക്കാരായവർക്കെതിരേ കർശനമായ നിയമ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.