ചാവക്കാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് രണ്ട് മല്‍സ്യത്തൊഴിലാളികളെ കാണാതായി
തൃശൂര്‍: ചാവക്കാട് താലൂക്കില്‍ കടപ്പുറം വില്ലേജില്‍ അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് രണ്ട് മല്‍സ്യത്തൊഴിലാളികളെ കാണാതായി. ആറ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരാളെ പിന്നീട് രക്ഷപ്പെടുത്തി. വര്‍ഗീസ്, സുനില്‍, സെല്ലസ്, സന്തോഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ഗില്‍ബര്‍ട്ട്, മണി എന്നിവര്‍ക്കായി പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. ബോട്ട് കരയ്ക്ക് എത്തിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം.
കടലില്‍ ശക്തമായ തിരയാണുണ്ടായത്. ആ സമയത്ത് എന്‍ജിന്‍ ഓഫാവുകയും വള്ളം മറിയുകയുമായിരുന്നു. തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലാണുള്ളത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോള്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാബോട്ട് ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തിരച്ചില്‍ നടത്തുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്.