കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബൈക്കിലെത്തിയ രണ്ടുപേരെന്ന് സംശയം; ദൃക്‌സാക്ഷിയെന്നു പറയുന്നയാളില്‍ നിന്ന് പോലിസ് മൊഴിയെടുക്കുന്നു
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. അവര്‍ക്കിടയില്‍ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മുട്ടത്തറ ഈഞ്ചക്കല്‍ സര്‍വീസ് റോഡിലെ ഇന്ത്യന്‍ ഓയിലിന്റെ ട്രിവാന്‍ഡ്രം ഡിവിഷനല്‍ ഓഫിസില്‍ നിന്നാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്.
സംഭവത്തില്‍ യാതൊരു വിധത്തിലുള്ള ആശ്വാസവാര്‍ത്തയും ഇതുവരെ എത്തിയിട്ടില്ല. സഹോദരങ്ങള്‍ പറയുന്ന മൊഴിയില്‍ വൈരുധ്യവും ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. കൂടാതെ, തട്ടിക്കൊണ്ടു പോകല്‍ ഉറപ്പിക്കാത്ത നിലപാടിലാണ് പോലിസും ഉളളത്. രാവിലെയാണ് മാതാപിതാക്കള്‍ പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും യാതൊരു വിധത്തിലുളള തെളിവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ക്കൊപ്പം താമസിക്കുന്ന മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ട്. മൊഴികളിലെ ആശയക്കുഴപ്പമാണ് പോലിസിനെ വെട്ടിലാക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.