തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണം: ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയില്‍

Update: 2022-07-25 17:37 GMT

മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷം വീണ്ടും സുപ്രിംകോടതിയില്‍. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളുമായി മുന്നോട്ടുപോവുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി. ശിവസേനയുടെ ഔദ്യോഗികപക്ഷമാണെന്നു തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ആഗസ്ത് എട്ടിനകം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേനയിലെ ഇരുവിഭാഗങ്ങള്‍ക്കും നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ഉദ്ധവ് പക്ഷം കോടതിയെ സമീപിച്ചത്. ശിവസേനയുടെ ചിഹ്‌നം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുകയാണ്.

വിഷയത്തില്‍ നിരവധി കേസുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടുപോവാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. വിമത എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രിംകോടതി തീരുമാനമുണ്ടാവുംവരെ കമ്മീഷന്‍ നടപടി സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. തങ്ങളാണ് ഔദ്യോഗികപക്ഷമെന്ന് ചൂണ്ടിക്കാണിച്ച് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഭൂരിപക്ഷം എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ തങ്ങള്‍ക്കാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഷിന്‍ഡെ പക്ഷം കമ്മീഷനെ സമീപിച്ചത്. ഇതിനുപിന്നാലെ തങ്ങളാണ് ഔദ്യോഗികപക്ഷമെന്ന് വ്യക്തമാക്കി താക്കറെ വിഭാഗവും കമ്മീഷനെ സമീപിച്ചു. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്നും ഇവര്‍ അവകാശപ്പെട്ടു. ഇതെത്തുടര്‍ന്നാണ് ഔദ്യോഗികപക്ഷമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയാവാന്‍ ഏക്‌നാഥ് ഷിന്‍ഡെയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തും താക്കറെ വിഭാഗം നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Tags:    

Similar News