മുംബൈ: മുഖ്യമന്ത്രി ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന വിമത ശിവസേന എംഎല്‍എക്കെതിരേ പരാതിയുമായി ഉദ്ധവ് താക്കറെ വിഭാഗം. അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിലാണ് മഗത്താന്‍ എംഎല്‍എ പ്രകാശ് സാര്‍വെയ്‌ക്കെതിരേ പരാതി നല്‍കിയത്. 'നിങ്ങള്‍ക്ക് അവരുടെ കൈ ഒടിയാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ കാല് ഒടിക്കൂ, ഞാന്‍ വരാം. അടുത്ത ദിവസം നിങ്ങളെ ജാമ്യത്തില്‍ വിടും'. എന്ന് പ്രകാശ് സാര്‍വെ പറയുന്ന വീഡിയോ വൈറലാണ്.
ഉദ്ധവ് താക്കറെയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ഷിന്‍ഡെ അഴിച്ചുവിട്ട കലാപത്തില്‍ അദ്ദേഹത്തോടൊപ്പം നിന്ന നേതാവാണ് പ്രകാശ്. ആഗസ്റ്റ് 14ന് മുംബൈയിലെ മഗതാനെ ഏരിയയിലെ കൊക്കാനി ബുദ്ധ വിഹാറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നാം ആരുമായും യുദ്ധം ചെയ്യേണ്ട, എന്നാല്‍ ആരെങ്കിലും വഴക്കിനുവന്നാല്‍ അവരെ വെറുതെ വിടില്ല' - അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 'ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് മറുപടി പറയൂ, ...ആരുടെയും ദാദാഗിരി പൊറുക്കില്ല... ഞാന്‍, പ്രകാശ് സര്‍വേ, നിങ്ങള്‍ക്കായി ഇവിടെയുണ്ട്... അവരുടെ കൈകള്‍ ഒടിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവരുടെ കാലുകള്‍ തകര്‍ക്കുക. ഞാന്‍ നിങ്ങള്‍ക്ക് അടുത്ത ദിവസം ജാമ്യം തരാം, വിഷമിക്കേണ്ട... ആരുമായും യുദ്ധം ചെയ്യേണ്ട, എന്നാല്‍ ആരെങ്കിലും വഴക്കിനുവന്നാല്‍ അവരെ വെറുതെ വിടില്ല...'- അദ്ദേഹം തുടര്‍ന്നു പറഞ്ഞു.