ഉദ്ദവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി; പകപോക്കലെന്ന് ശിവസേന

Update: 2022-03-22 14:35 GMT

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭാര്യാസഹോദരന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. ഇന്ന് ഉച്ചയോടെ 6.45 കോടി വില മതിക്കുന്ന സ്വത്താണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മരവിപ്പിച്ചത്.

മകന്‍ ആദിത്യ താക്കറെയുടെ വസതിയിലും ഓഫിസിലും നടത്തിയ ആദായനികുതി റെയ്ഡിനു തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ നീക്കം. ആദിത്യ താക്കറെയും ഉദ്ദവ് മന്ത്രിസഭയിലെ ഒരംഗമാണ്. ബിജെപിയും കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കുകയാണെന്ന് ശിവസേന നേതാവ് അനില്‍ പരാബ് ആരോപിച്ചു.

ഇ ഡി രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു.

'ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള എല്ലായിടത്തും ഇത് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുടെ മരുമകന്റെ സ്വത്തും കണ്ടുകെട്ടിയിരുന്നു. മഹാരാഷ്ട്രയായാലും ബംഗാളായാലും നട്ടെല്ല് വളയ്ക്കില്ലെ'ന്നും അദ്ദേഹം പറഞ്ഞു.

'അഞ്ച് വര്‍ഷം മുമ്പ് ഇ ഡി എന്താണെന്നും പോലും ആര്‍ക്കും അറിയുമായിരുന്നില്ല. ഇപ്പോള്‍ സംഭവിക്കുന്നത് രാഷ്ട്രീയമാണ്'- എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു.

Tags:    

Similar News