ഇന്ധന-പാചക വിലവര്‍ധനവിനെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം 10ന്

Update: 2021-07-04 11:18 GMT

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിച്ച് നികുതിക്കൊള്ള നടത്തുന്ന മോദി സര്‍ക്കാരിന്റെ ജനദ്രോഹത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്.പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടാകെ ഈ മാസം 10ന് രാവിലെ 10 മുതല്‍ 11 മണി വരെ വീടുകള്‍ക്കു മുന്നില്‍ കുടുംബ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും, യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസനും അറിയിച്ചു.

'പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ടതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

പാചകവാതകത്തിന് ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയും, വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍ വില ഇപ്പോള്‍ 100 രൂപ കടന്നിരിക്കുന്നു. ഈ വര്‍ഷം 6 മാസത്തിനിടെ ഇതുവരെ 55 തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകാലത്ത് 2 മാസം വില കൂട്ടിയില്ല. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍, കേന്ദ്രസര്‍ക്കാര്‍ 300 ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ പെട്രോളിന്റെ ഉത്പന്നവില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്രസംസ്ഥാന നികുതികളും, സെസുമാണ്.

Tags:    

Similar News