ഇരു പെരുന്നാളുകള്‍ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഉക്രൈന്‍
ക്രൈമിയന്‍ താതാര്‍ വംശഹത്യ ഇരകളുടെ ഓര്‍മദിനമായ മെയ് 18നാണ് പ്രസിഡന്റ് വ്‌ളാദ്മീര്‍ സെലന്‍സ്‌കി ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.
കിയേവ്: ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളായ ഇരു പെരുന്നാളുകള്‍ക്കും രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഉക്രൈന്‍. ക്രൈമിയന്‍ താതാര്‍ വംശഹത്യ ഇരകളുടെ ഓര്‍മദിനമായ മെയ് 18നാണ് പ്രസിഡന്റ് വ്‌ളാദ്മീര്‍ സെലന്‍സ്‌കി ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.
'ഓരോരുത്തര്‍ക്കും തങ്ങള്‍ ഉക്രൈന്‍ പൗരന്‍മാരാണെന്ന തോന്നലുളവാക്കുന്ന ഒരു രാജ്യം തങ്ങള്‍ക്ക് പടുത്തുയര്‍ത്തണം. തങ്ങളുടെ ജനതയുടെ ചരിത്രവും പാരമ്പര്യവും മറക്കാത്ത, പൂര്‍ണ പൗരനെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടാവണം. വാക്കുകളില്‍ മാത്രമല്ല, നിയമസഭ തലംവരെയുള്ള പ്രവര്‍ത്തികളിലും നിങ്ങളെ പിന്തുണയ്ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു'- അവധി പ്രഖ്യാപനം നടത്തിയ യോഗത്തില്‍ ക്രൈമിയന്‍ താതാര്‍ പ്രതിനിധികളോട് സെലന്‍സ്‌കി പറഞ്ഞു
1944 മേയ് 18 മുതല്‍ 20 വരെയുള്ള കാലയളവില്‍ ജോസഫ് സ്റ്റാലിന്റെ സോവിയറ്റ് ചെമ്പട 1.90 ലക്ഷത്തിനും 4.2 ലക്ഷത്തിനും ഇടയില്‍ ക്രൈമിയന്‍ താതാറുകളെ അവര്‍ ജനിച്ചു ജീവിച്ച ക്രൈമിയയില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള മധ്യേഷ്യയിലേക്ക് നാടുകടത്തിയിരുന്നു.
പെരിസ്‌ട്രോയിക്ക കാലഘട്ടത്തില്‍, സോവിയറ്റ് യൂനിയന്‍ കൂടുതല്‍ ഉദാരമായതോടെ നിരവധി ക്രൈമിയന്‍ താതാറുകള്‍ തങ്ങളുടെ ജന്മദേശത്തേക്ക് തിരിച്ചെത്തിത്തുടങ്ങിയിരുന്നു. എന്നാല്‍, 2014ല്‍ 2014 ല്‍ റഷ്യയുടെ അധിനിവേശത്തിന് ശേഷം ഉക്രൈന്‍ പിന്തുണയോടെ ആയിരക്കണക്കിന് ക്രൈമിയന്‍ താതാറുകള്‍ക്കാണ് വീണ്ടും വീടുകള്‍വിട്ട് ഓടേണ്ടിവന്നത്. അവര്‍ ഉക്രെയിന്‍ മെയിന്‍ ലാന്റിലാണ് പുനരധിവസിപ്പിക്കപ്പെട്ടത്. ക്രൈമിയയിലെ റഷ്യന്‍ അനധികൃത സര്‍ക്കാരിന്റെ പീഡനങ്ങളേറ്റുവാങ്ങി നിരവധി പേര്‍ ഇപ്പോഴും ക്രൈമിയയില്‍ കഴിയുന്നുണ്ട്.