ന്യൂഡല്‍ഹി: യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റൊവ് നാളെ വൈകീട്ട് ഡല്‍ഹിയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്. അദ്ദേഹം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തും.
യുക്രെയ്‌നിലേക്ക് റഷ്യ കടന്നുകയറിയ ശേഷം നടത്തുന്ന ആദ്യ റഷ്യന്‍ ഉന്നതതല സന്ദര്‍ശനമാണ് ഇത്.
ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രൂസും ചൈനീസ് മന്ത്രി വാങ് യിസും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തി രാഷ്ട്രീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷമുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ മൂന്നാമത്തെ വിദേശ സന്ദര്‍ശനമാണിത്. ഈ മാസമാദ്യം യുക്രെയ്ന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ചകള്‍ക്കായി തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച ചൈനയും സന്ദര്‍ശിച്ചു.
പാശ്ചാത്യ ഉപരോധം രൂക്ഷമായിട്ടും റഷ്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ഇന്ത്യ തുടരുകയാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍നിന്നാണ്.
റഷ്യയുമായുള്ള കച്ചവടത്തിന്റെ പേരില്‍ അമേരിക്കയും ആസ്‌ത്രേലിയയും തമ്മിലുള്ള ബന്ധം അല്‍പം സമ്മര്‍ദ്ദത്തിലാണ്.