തലസ്ഥാനം പിടിക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ നീക്കം പരാജയപ്പെടുത്തിയതായി യുക്രെയിന്‍; 198 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

Update: 2022-02-26 11:24 GMT

കീവ്; തന്നെ സ്ഥാനഭ്രഷ്ടനാക്കി തലസ്ഥാന നഗരം ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്തിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി.

സ്ഥിതിഗതികളെക്കുറിച്ച് സെലന്‍സ്‌കി ഇന്ന് രാവിലെ ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചിരുന്നു.

'ഇമ്മാനുവല്‍ മാക്രോണുമായുള്ള സംഭാഷണത്തോടെ നയതന്ത്ര മുന്നണിയിലെ ഒരു പുതിയ ദിവസം ആരംഭിച്ചു. ഞങ്ങളുടെ പങ്കാളികളില്‍ നിന്നുള്ള ആയുധങ്ങളും ഉപകരണങ്ങളും യുക്രെയ്‌നിലേക്കുള്ള വഴിയിലാണ്. യുദ്ധവിരുദ്ധ സഖ്യം പ്രവര്‍ത്തനനിരതമായി''-സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.

റഷ്യന്‍ സേന യുക്രെയ്‌നിലേക്ക് നടത്തിയ കടന്നുകയറ്റത്തെ അപലപിക്കുന്ന സുരക്ഷാസമിതി പ്രമേയം റഷ്യ വീറ്റൊ ചെയ്തു. 15 അംഗങ്ങളില്‍ 11 രാജ്യങ്ങള്‍ റഷ്യക്കെതിരായി വോട്ട് ചെയ്തു. ചൈന, ഇന്ത്യ, യുഎഇ എന്നിവ വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ എതിര്‍ത്ത് വോട്ട് ചെയ്തതോടെ പ്രമേയം തള്ളിപ്പോയി.

യുക്രെയ്ന്‍ പൗരന്മാരോട് യുദ്ധത്തില്‍ ചേരാനുള്ള യുക്രെയ്ന്‍ ഭരണകൂടത്തിന്റെ ആവശ്യത്തോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുന്നുണ്ട്. അവര്‍ റഷ്യന്‍ ടാങ്കുകളെ നേരിടാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകളുണ്ട്.

ഇതുവരെ 198 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി നാറ്റോ മേധാവി ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

തലസ്ഥാനമുപേക്ഷിച്ച് പോവുകയോ അടിയറവു പറയുകയോ ചെയ്യില്ലെന്ന് പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.

യുഎന്‍ സുക്ഷാസമിതി പ്രമേയം തള്ളപ്പോയെങ്കിലും റഷ്യക്കെതിരേ കൂടുതല്‍ രാജ്യങ്ങള്‍ വോട്ട് ചെയ്തതില്‍ നിന്ന് ലോകം തങ്ങള്‍ക്കൊപ്പമാണെന്ന് തെളിഞ്ഞതായി സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. റഷ്യയും യുക്രെയ്‌നും തമ്മില്‍ നടക്കുന്ന സമാധാനച്ചര്‍ച്ചയുടെ സമയവും സ്ഥലവും എതെന്ന ആലോചനയിലാണെന്ന് പ്രസിഡന്റിന്റെ വക്താവ് സെര്‍ജി നൈകിഫോറോവ് വ്യക്തമാക്കിയിരുന്നു.

യുക്രെയ്ന്‍ അധികൃതരുമായി ചര്‍ച്ചയാവാമെന്ന് ക്രെംലിനും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News