തിരൂര്‍: സര്‍ക്കാര്‍ അനുമതി നല്‍കുന്ന പക്ഷം തുറന്നു പ്രവര്‍ത്തിക്കാന്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ സജ്ജമായതായി അംഗീകൃത സ്‌കൂള്‍ മാനേജമെന്റ് അസോസിയേഷന്‍ ( ) ഭാരവാഹികള്‍ അറിയിച്ചു. വിദ്യാലയങ്ങള്‍ സാനിറ്റൈസ് ചെയ്തും അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചും ക്ലാസുകള്‍ തുടങ്ങാന്‍ തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു.
കൊവിഡ് കാലത്ത് ഏറ്റവും മികച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാന്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് കഴിഞ്ഞു. വിക്ടെഴ്‌സ് ചാനലിനെ മാത്രം ആശ്രയിച്ചു പഠനം നടത്തുന്നതിന് പകരം ആധുനിക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ അധ്യാപനം നടത്താന്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സാധിച്ചത് കൊണ്ട് തിളക്കമാര്‍ന്ന വിജയം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ 100 മേനി കൊയ്ത മലപ്പുറം ജില്ലയിലെ അംഗീകൃത വിദ്യാലയങ്ങളെ കെആര്‍എസ്എംഎ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിക്കും. ആദ്യ ഘട്ടം ആഗസ്ത് 14ന് കാലത്ത് 10 മണിക്ക് തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. തിരൂര്‍, തിരൂരങ്ങാടി വിദ്യാഭാസ ജില്ലകളിലെ വിദ്യാലയങ്ങള്‍ പുരസ്‌കാരം ഏറ്റുവാങ്ങും. മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പിയെ ചടങ്ങില്‍ ആദരിക്കും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി നസീമ എന്നിവര്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിക്കും.
മലപ്പുറം, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാര വിതരണം രണ്ടാം ഘട്ടമായി ആഗസ്ത് അവസാനവാരം മഞ്ചേരിയില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജി, വര്‍ക്കിങ് പ്രസിഡന്റ് മുജീബ് പൂളക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബി വേണുഗോപാലന്‍ നായര്‍,സംസ്ഥാന കമ്മിറ്റിയംഗം കെ വി മൂസക്കുട്ടി ,ജില്ലാ പ്രസിഡന്റ് പി വി മുഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യുസുഫ് തൈക്കാടന്‍, ഖജാന്‍ജി അബ്ദുല്‍ റഹ്മാന്‍ സഖാഫി മബീതി, ജില്ലാ ഭാരവാഹികളായ മുസ്തഫ എടശേരി, എം കെ മജീദ് ,പി മുഹമ്മദ് ഫാസില്‍, സിസ്റ്റര്‍ റോസ്ബിന്‍, സിസ്റ്റര്‍ ആനീസ് പങ്കെടുത്തു.