2 ലക്ഷം അഫ്ഗാന്‍ അധ്യാപകര്‍ക്ക് യൂനിസെഫ് നൂറ് ഡോളര്‍ പ്രതിമാസ വേതനം നല്‍കിയേക്കുമെന്ന് താലിബാന്‍

Update: 2022-02-21 13:19 GMT

കാബൂള്‍; താലിബാന്‍ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 2 ലക്ഷത്തോളം സ്‌കൂള്‍ അധ്യാപകര്‍ക്ക് യൂനിസെഫ് പ്രതിമാസം 100 ഡോളര്‍ വീതം നല്‍കുമെന്ന് താലിബാന്‍. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. ഇതുവരെ 40,000ത്തോളം സ്‌കൂള്‍ അധ്യാപകര്‍ക്ക് രണ്ട് മാസത്തെ വേതനം ഐക്യരാഷ്ട്രസഭയുടെ മുന്‍കയ്യില്‍ നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്ന വേതനം അടുത്ത ദിവസങ്ങളില്‍ നല്‍കുമെന്ന് ടൊളൊ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 

രണ്ട് മാസത്തെ വേതനം നല്‍കാനുള്ള പദ്ധതിയാണ് ഇപ്പോഴുള്ളതെങ്കിലും അത് തുടരാനാണ് യൂനിസെഫ് ആലോചിക്കുന്നതെന്ന് മന്ത്രാലയത്തിലെ വക്താവ് അസീസ് അഹ്മദ് റിയാന്‍ പറഞ്ഞു.

''തീര്‍ച്ചയായും, അധ്യാപകരുടെ ശമ്പളത്തിലെ 100 ഡോളര്‍ യൂനിസെഫാണ് നല്‍കുന്നത്. 100 ഡോളറില്‍ കൂടുതല്‍ ശമ്പളമുള്ള അധ്യാപകര്‍ക്ക് ബാക്കി പണം മന്ത്രാലയം നല്‍കും''- അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ആഗസ്തില്‍ താലിബാന്‍ അഫ്ഗാനിസ്താന്‍ ഏറ്റെടുത്തപ്പോള്‍, കേന്ദ്ര ബാങ്കിന്റെ ഏകദേശം 9,000 ദശലക്ഷം ഡോളറിന്റെ ആസ്തി മരവിപ്പിച്ചതിനെത്തുടര്‍ന്ന് രാജ്യം പെട്ടെന്നുള്ള സാമ്പത്തിക തകര്‍ച്ചയിലേക്ക് വീണിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ശമ്പളം മുടങ്ങി.

രാജ്യത്ത് വലിയ തോതില്‍ അരക്ഷിതാവസ്ഥ ഇല്ലാതിരിക്കാന്‍ സര്‍ക്കാരിന് നേരിട്ട് പണം നല്‍കാതെ ഓരോരുത്തരുടെയും വേതനമായി നല്‍കാനാണ് യുഎന്‍ എജന്‍സികളുടെ ആലോചന. 

Tags:    

Similar News