ലഖിംപൂര്‍ ഖേരി ആക്രമണത്തെ അപലപിച്ച് കേന്ദ്ര ധനമന്ത്രി; മറ്റിടങ്ങളിലെ സമാന സംഭവങ്ങളും അപലപിക്കപ്പെടണമെന്ന് മന്ത്രി
ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ കാറിടിപ്പിച്ച് കൊന്ന സംഭവം അപലപനീയമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അതേസമയം സമാനമായി മറ്റിടങ്ങളിലുണ്ടാവുന്ന സംഭവങ്ങളും അപലപിക്കപ്പെടണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്ന സംഭവങ്ങള്‍ പോലെത്തന്നെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുണ്ടാവുന്ന സംഭവങ്ങളും പ്രതിഷേധാര്‍ഹമാണെന്ന് ധനമന്ത്രി പ്രതികരിച്ചു.
യുഎസ്സില്‍ ഒരു ഔദ്യോഗിക പരിപാടിക്കെത്തിയ ധനമന്ത്രി ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് ലഖിംപൂര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ലഖിംപൂര്‍ സംഭവം ഉണ്ടായപ്പോള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോ മറ്റ് മുതിര്‍ന്ന മന്ത്രിമാരോ പ്രതികരിക്കാതിരുന്നതെന്നായിരുന്നു മന്ത്രിയോട് കേള്‍വിക്കാര്‍ ആരാഞ്ഞത്.
''അല്ല, അങ്ങനെയല്ല, അപലപനീയമായ ഒരു സംഭവം മാത്രം അടര്‍ത്തിയെടുത്ത് സംസാരിക്കുന്നത് ശരിയല്ല. ഇന്ത്യയില്‍ മറ്റിടങ്ങളിലും സമാനമായ സംഭവങ്ങളുണ്ടാവുന്നുണ്ട്. അതാണ് ഞാന്‍ പ്രധാനമായി കരുതുന്നത്''- മന്ത്രി പറഞ്ഞു.
''ഇന്ത്യയില്‍ ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ഉണ്ടാകുന്നുണ്ട്. നിങ്ങളോടും അമര്‍ത്യാസെന്നിനെപ്പോലുള്ളവരോടും പറയാനുള്ളത് എവിടെ ഇത്തരം സംഭവങ്ങളുണ്ടായലും ശബ്ദമുയര്‍ത്തണമെന്നാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായാല്‍ മാത്രം പ്രതികരിക്കുന്ന രീതി ശരിയല്ല. ഞങ്ങളുടെ സഹപ്രവര്‍ത്തകന്റെ മകന്‍ ഈ കേസില്‍ ഉള്‍പ്പെട്ടാല്‍ അത് അയാള്‍ തന്നെയാണ് ചെയ്തതെന്ന് അര്‍ത്ഥമില്ല. അന്വേഷണം നടത്തിവേണം അത് തീരുമാനിക്കാന്‍''- മന്ത്രി പറഞ്ഞു.
''ഇത് (ലഖിംപൂര്‍ ഖേരി സംഭവം)എന്റെ പാര്‍ട്ടിയെയോ പ്രധാനമന്ത്രിയെയോ പ്രതിരോധത്തിലാക്കുന്നില്ല. ഇന്ത്യയും പ്രതിരോധത്തിലാവുന്നില്ല. ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്, പാവപ്പെട്ടവരുടെ നീതിക്കുവേണ്ടിയാണ് സംസാരിക്കുന്നത്. അതെന്നെ പരിഹാസ്യയാക്കുന്നില്ല. അത് അങ്ങനെയാണെങ്കില്‍ ഞാന്‍ ക്ഷമയോടെ നില്‍ക്കാം, എന്നിട്ട് 'ക്ഷമിക്കണം, നമുക്ക് വസ്തുതകളെക്കുറിച്ച് സംസാരിക്കാം' എന്ന് പറയും. ഇതാണ് ചോദ്യത്തിനുള്ള എന്റെ മറുപടി''- ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയും സുഹൃത്തുക്കളും ചേര്‍ന്നാണ് കര്‍ഷക പ്രതിഷേധക്കാരെ കാറ് കയറ്റിക്കൊന്നത്.