മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍, ഭവനനിര്‍മാണം, നികുതിപരിഷ്‌കരണം; മാന്ദ്യം മറികടക്കാന്‍ ഉത്തേജന പാക്കേജുമായി ധനമന്ത്രി
രാജ്യത്തെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ ആറിന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ടാക്‌സ് റീ എമിഷന്‍, ജിഎസ്ടി ക്രെഡിറ്റ് റീഫണ്ട് തുടങ്ങിയവ നടപ്പാക്കുമെന്ന് ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നികുതിദായകരുടെ ചെറിയ പിശകുകള്‍ക്ക് ശിക്ഷാനടപടികള്‍ ഒഴിവാക്കും. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വിവിധ മേഖലകളില്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ ആറിന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ടാക്‌സ് റീ എമിഷന്‍, ജിഎസ്ടി ക്രെഡിറ്റ് റീഫണ്ട് തുടങ്ങിയവ നടപ്പാക്കുമെന്ന് ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. ആശങ്കപ്പെടേണ്ടതില്ല. ജൂലൈ മാസത്തില്‍ സാമ്പത്തികരംഗത്ത് കാണുന്ന ഉണര്‍വിന്റെ സൂചനകള്‍ ആശാവഹമാണ്. വ്യാവസായിക ഉത്പാദനത്തില്‍ ഉണര്‍വിന്റെ വ്യക്തമായ സൂചനയുണ്ട്.
വിദേശനിക്ഷേപം വര്‍ധിച്ചു. നികുതി പരിഷ്‌കരണം ആലോചനയിലുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവുമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി മേഖലയ്ക്ക് 1,700 കോടിയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. നിലവിലുളള എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്റെ (ഇസിജിഎസ്) ഭാഗമായി എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സര്‍വീസ് (ഇസിഐഎസ്) മുഖേനയാവും ഇത് നടപ്പാക്കുക. ടൂറിസം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കയറ്റുമതി മേഖല എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ ദുബയ് മോഡല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തും. തുണിത്തരങ്ങള്‍, കരകൗശലം, യോഗ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തും. നികുതി നടപടികള്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും.
നികുതിദായകരുടെ ചെറിയ പിശകുകള്‍ക്ക് ശിക്ഷാനടപടികള്‍ ഒഴിവാക്കും. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ 68,000 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കയറ്റുമതിക്കുള്ള സമയനഷ്ടം കുറയ്ക്കും. തുറമുഖം, കസ്റ്റംസ് തുടങ്ങിയ മേഖലകളിലെ നടപടിക്രമങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കും. കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ തീരുവ ഒഴിവാക്കല്‍ പദ്ധതി 2020 ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. കയറ്റുമതിക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനവായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ഇതിന് സര്‍ക്കാരിന് പ്രതിവര്‍ഷം 1,700 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. വ്യാഴാഴ്ച ധനമന്ത്രി പൊതുമേഖലാ ബാങ്ക് മേധാവിമാരുമായി കൂടിക്കാഴ്ച നടത്തും.
പാര്‍പ്പിടനിര്‍മാണമേഖലയ്ക്കായി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പലതും കഴിഞ്ഞ കേന്ദ്ര ബജറ്റിന്റെ ആവര്‍ത്തനങ്ങളായിരുന്നു. താങ്ങാനാവുന്നതും ചെറുകിട- ഇടത്തരം ഭവനനിര്‍മാണത്തിന് 10,000 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 2022 നുള്ളില്‍ 1.95 കോടി വീടുകള്‍ രാജ്യത്ത് നിര്‍മിക്കുമെന്നതാണ് പ്രഖ്യാപനം. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍ക്ക് പ്രത്യേക സഹായം. ഹൗസിങ് ബില്‍ഡിങ് അഡ്വാന്‍സ് പലിശനിരക്ക് കുറയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.