അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍: അപേക്ഷ 40 വയസ്സ് വരെയുള്ളവര്‍ക്ക് മാത്രം
40 വയസ്സിനു മുകളിലുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ അനുകൂല്യം ലഭിക്കില്ല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ ജനപ്രിയ പ്രഖ്യാപനമായിരുന്ന അസംഘടിത മേഖയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള പ്രായം 40 വയസ്സ് വരെയാക്കി പരിമിതപ്പെടുത്തി. പ്രധാന്‍മന്ത്രി ശ്രാം യോഗി മന്ദാന്‍(പിഎംഎസ്‌വൈഎം) പദ്ധതി പ്രകാരമാണ് രാജ്യത്തെ അസംഘടിത മേഖയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടവരുടെ പ്രായപരിധിയായി 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയായി നിജപ്പെടുത്തുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 40 വയസ്സിനു മുകളിലുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ അനുകൂല്യം ലഭിക്കില്ല. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിയിലാളികള്‍ക്ക് 60 വയസ്സിന് ശേഷം 3,000രൂപ വര്‍ഷത്തില്‍ ലഭിക്കുമെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. അപേക്ഷിക്കുന്ന ഓരോ തൊഴിലാളിയും ഓരോ മാസവും 55 രൂപ വീതം പദ്ധതിക്ക് വേണ്ടി അടയ്ക്കണം. ഈ മാസം 15 മുതല്‍ പദ്ധതി നിലവില്‍ വരുമെന്നും കേന്ദ്രതൊഴിയില്‍ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. തെരുവുകച്ചവടക്കാര്‍, ഉച്ചഭക്ഷണം വില്‍ക്കുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, ചെങ്കല്‍ തൊഴിലാളികള്‍, ചെരുപ്പുകുത്തികള്‍, പഴതുണികള്‍ വില്‍പ്പന നടത്തുന്നവര്‍, വീട്ടുജോലി ചെയ്യുന്നവര്‍, വാഷിങ് തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍ തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്.