ക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സംഭവം; നടപടിക്കൊരുങ്ങി സംസ്ഥാന ധനവകുപ്പ്
സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് ക്ഷേമപെന്‍ഷന് യോഗ്യതയില്ലെന്നിരിക്കെ, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനില്‍ കൈയിട്ടുവാരി പണം തട്ടിയെടുത്തവരെ കണ്ടെത്താന്‍ സംസ്ഥാന ധനവകുപ്പ് നടപടി തുടങ്ങി. അന്വേഷണം കഴിഞ്ഞാലുടന്‍ പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.
സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് ക്ഷേമപെന്‍ഷന് യോഗ്യതയില്ലെന്നിരിക്കെ, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. പണം പലിശ സഹിതം തിരികെ പിടിക്കണമെന്ന ധനവകുപ്പ് നിര്‍ദേശം വേഗത്തില്‍ നടപ്പിലാക്കുന്ന രീതിയില്‍ ക്രമക്കേട് നടത്തിയ ഒരോ ഉദ്യോഗസ്ഥനെതിരേയും ഉത്തരവുകള്‍ അതാത് വകുപ്പില്‍ നിന്നും ഇതോടൊപ്പം ഇറങ്ങും.
വകുപ്പ് തല നടപടികളില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാലാണ് വകുപ്പുകള്‍ നടപടി സ്വീകരിക്കുമെന്ന നിലപാട് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വിശദീകരിക്കുന്നത്. ആരോഗ്യവകുപ്പിലും പൊതുവിദ്യാഭ്യാസവകുപ്പിലും ആണ് കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ ഉള്ളത് എന്നാണ് റിപോര്‍ട്ടുകള്‍.