അജ്ഞാത രോഗം: മരിച്ച 13 കുട്ടികളുടെ സാമ്പിളുകളില്‍ 'ന്യൂറോടോക്‌സിനുകള്‍' കണ്ടെത്തിയതായി വിദഗ്ദര്‍

Update: 2025-01-16 11:08 GMT

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ രജൗരി ജില്ലയിലെ ബദ്ദല്‍ ഗ്രാമത്തില്‍ അജ്ഞാത രോഗം മുലം ഇതു വരെ മരിച്ചത് 13 കുട്ടികള്‍. വൈറസ്, ബാക്ടീരിയ അല്ലെങ്കില്‍ സൂക്ഷ്മജീവി അണുബാധകള്‍ ഒന്നും തന്നെ മരണത്തിന് പിന്നില്‍ ഇല്ലെന്നാണ് ഇപ്പോള്‍ വിദഗ്ദര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഇതുവരെ മരിച്ച 13 പേരുടെ സാമ്പിളുകളില്‍ ''ചില ന്യൂറോടോക്‌സിനുകള്‍'' കണ്ടെത്തിയതായി അവര്‍ പറഞ്ഞു.

ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി , ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) എന്നീ സ്ഥാപനങ്ങളിലെ വിദഗ്ദര്‍, ഗ്രാമത്തില്‍ നിന്ന് ശേഖരിച്ച ചില വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകളില്‍ മൈക്രോബയോളജിക്കല്‍ പഠനങ്ങള്‍ നടത്തിയിരുന്നു. മരിച്ചവരെല്ലാം പരസ്പരം ബന്ധമുള്ളവരാണെന്നാണ് അധികൃതര്‍ പറയുന്നത്.മരിച്ചവരുടെ സാമ്പിളുകളില്‍ ചില ന്യൂറോടോക്സിനുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് കൂടുതലറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും അവര്‍ അറിയിച്ചു.

അതേസമയം, ആരോഗ്യ വകുപ്പ് രാജ്യത്തുടനീളമുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പരിശോധനയ്ക്കായി അയച്ച 3,500 സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ വ്യക്തമാക്കി. ആരോഗ്യ നടപടികള്‍ അവലോകനം ചെയ്യാന്‍ ജമ്മു കശ്മീരിന്റെ ചീഫ് സെക്രട്ടറി അടല്‍ ഡുള്ളൂ ബുധനാഴ്ച യോഗം വിളിച്ചു. രജൗരിയിലെ സിവില്‍, പോലിസ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥരും നിരവധി ദേശീയ ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News