കോഴിക്കോട്: യുപി ഭരണകൂടത്തിന്റെ തടങ്കലില്‍ കോവിഡ് രോഗ ബാധിതനായി ആശുപത്രിയില്‍ കൊടും യാതന അനുഭവിച്ചു വരുന്ന മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് വിദഗ്ധചികിത്സ നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാത്ത യുപി സര്‍ക്കാരിന്റെ നടപടി നഗ്‌നമായ മനുഷ്യാവകാശലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. താടിയെല്ല് പൊട്ടിയ അദ്ദേഹത്തെ ചങ്ങലക്കിട്ടാണ് ഇപ്പോഴത്തെ ചികിത്സ എന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്.
'സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ മോചനത്തിനുമായി പത്രപ്രവര്‍ത്തക സമൂഹവും അദ്ദേഹത്തിന്റെ കുടുംബവും നടത്തിവരുന്ന ധര്‍മ്മസമരം സമൂഹത്തിന്റെ സര്‍വ്വ പിന്തുണയും അര്‍ഹിക്കുന്നു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് എംപിമാര്‍ ബഹുസുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചത് ഉചിതമായി.'
ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് ബഹു സുപ്രീം കോടതിയുടെ ഫലപ്രദമായ ഇടപെടല്‍ ഇനിയും വൈകാതെ ഇക്കാര്യത്തില്‍ ഉണ്ടാകട്ടെയെന്നും വി എം സുധീരന്‍ ആശംസിച്ചു.