സിഎഎ ആക്റ്റിവിസ്റ്റ് സഫൂറ സര്‍ഗറിന്റെ അറസ്റ്റിനെതിരേ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍

Update: 2020-05-16 01:28 GMT

വാഷിങ്ടണ്‍: സിഎഎ ആക്റ്റിവിസ്റ്റും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ സഫൂറ സര്‍ഗറിന്റെ അറസ്റ്റിനെതിരേ മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന അമേരിക്കന്‍ കമ്മീഷനായ യുഎസ്‌സിഐആര്‍എഫ്. കൊവിഡ് 19 പ്രതിസന്ധികാലത്ത് ഗര്‍ഭിണിയായ ഒരു യുവതിയടക്കം മുസ്‌ലിംകളെ ഇന്ത്യ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് സംഘടന ആരോപിച്ചു. ലോകം മുഴുവന്‍ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന ഈ കാലത്ത് പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങള്‍ ഉപയോഗപ്പെടുത്തിയവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയാണെന്നായിരുന്നു സംഘടനയുടെ ട്വീറ്റ്.

''കൊവിഡ് 19ന്റെ പ്രതിസന്ധി ഘട്ടത്തില്‍, സിഎഎയ്‌ക്കെതിരേ പ്രതിഷേധിച്ച ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍ ഉള്‍പ്പെടെ മുസ്‌ലിം ആക്റ്റിവിസ്റ്റുകളെ ഇന്ത്യാ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി റിപോട്ട് ഉണ്ട്. തടവുകാരെ മാനുഷികപരിഗണയില്‍ മോചിപ്പിക്കേണ്ട ഈ സമയത്ത് പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം ഉപയോഗിക്കുന്നവരെ ലക്ഷ്യം വയ്ക്കരുത്''- യുഎസ്‌സിഐആര്‍എഫ് ട്വീറ്റ് ചെയ്തു. 


റിപോര്‍ട്ടുകള്‍ പ്രകാരം 27 കാരിയായ സഫൂറ സര്‍ഗറിനെ  ഏപ്രില്‍ 13 നാണ് ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സമയത്ത് സഫൂറ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വ്വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗര്‍ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതിനു ശേഷം ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിട്ട അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ സഫൂറയെ അടക്കം മുസ്‌ലിം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 22 മുതല്‍ 23 വരെ ദില്ലിയിലെ ജാഫ്രാബാദ് മെട്രോ സ്‌റ്റേഷന് സമീപം നടന്ന സിഎഎ വിരുദ്ധ പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചത് സഫൂറ സര്‍ഗറാണെന്നും ഇത് ഡല്‍ഹി കലാപത്തിന് കാരണമായെന്നുമാണ് പോലിസ് ആരോപിച്ചത്.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെടുകയാണെന്ന് 2019 ലെ റിപോര്‍ട്ടില്‍ യുഎസ്‌സിഐആര്‍എഫ് ആരോപിച്ചിരുന്നു. ഈ പ്രവണത 2020ലും തുടരുകയാണെന്ന് മറ്റൊരു റിപോര്‍ട്ടിലും സംഘടന സൂചിപ്പിച്ചു. 

Tags:    

Similar News