ഇന്ത്യൻ വിദ്യാര്‍ഥി അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച കാറിനുള്ളില്‍
വാഷിംങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ 20 കാരനായ പരുച്ചൂരി അഭിജിത് എന്ന വിദ്യാര്‍ഥിയെയാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലായിരുന്നു മൃതദേഹം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ട്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മരിച്ച അഭിജിത്. ആന്ധ്രയിലെ പരുച്ചുരി ചക്രധാറിന്റേയും ശ്രീലക്ഷ്മിയുടേയും ഏക മകനാണ് അഭിജിത്ത്.
പണത്തിനും ലാപ്ടോപ്പിനും വേണ്ടി അക്രമികള്‍ അഭിജിത്തിനെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക സംശയം. കുട്ടിക്കാലം മുതല്‍ അഭിജിത് മിടുക്കനായ കുട്ടിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അമേരിക്കയില്‍ പോയി പഠിക്കുന്നതിനെ ആദ്യഘട്ടത്തില്‍ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നുവെങ്കിലും അഭിജിതിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് സമ്മതിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ വര്‍ഷം 9ാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് അമേരിക്കയില്‍ കൊല്ലപ്പെടുന്നത്.