വാഷിങ്ടണ്‍: ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വെള്ളിയാഴ്ചയാണ് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യാന്‍ യു.എസ് ഒരുങ്ങുകയാണെന്ന വിവരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷ്യവസ്തുക്കള്‍ക്കായി കാത്തുനിന്ന ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ 115 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇത് ലോകത്താകമാനം ഇസ്രായേലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇസ്രായേലിന് നല്‍കുന്ന പിന്തുണയില്‍ യു.എസിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെയാണ് ഗസക്ക് സഹായം നല്‍കുമെന്ന് ബൈഡന്‍ അറിയിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ യു.എസ് ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞു. ജോര്‍ദന്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ എയര്‍ഡ്രോപ്പിലൂടെ ഗസയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നുണ്ട്. ഗസയ്ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. യു.എസ് അത് ചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.
അതേസമയം, എയര്‍ഡ്രോപ്പ് കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതുവരെ ഒരിടത്തും എയര്‍ഡ്രോപ് പൂര്‍ണ വിജയമായിട്ടില്ല. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് അതിര്‍ത്തികള്‍ തുറന്ന് ഗസയിലേക്ക് സഹായം എത്തിക്കുകയാണ് വേണ്ടതെന്നാണ് അഭിപ്രായം.