ബഗ്ദാദിയുടെ മൃതദേഹം യുഎസ് സൈന്യം കടലില്‍ സംസ്‌ക്കരിച്ചെന്ന് റിപോര്‍ട്ട്
മൃതദേഹം എവിടെ, എപ്പോള്‍ സംസ്‌ക്കരിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.
ബഗ്ദാദ്: കഴിഞ്ഞ ദിവസം സിറിയയിലെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിനിടെ സ്വയം പൊട്ടിത്തെറിച്ച് മരിച്ചെന്ന് യുഎസ് അവകാശപ്പെടുന്ന ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മൃതദേഹം കടലില്‍ സംസ്‌ക്കരിച്ചതായി പെന്റഗണ്‍ റിപോര്‍ട്ട്. മൃതദേഹം എവിടെ, എപ്പോള്‍ സംസ്‌ക്കരിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.
2011ല്‍ യുഎസ് പ്രത്യേക സേന പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്റെ മൃതദേഹവും സമാന തരത്തില്‍ കടലിലാണ് സംസ്‌ക്കരിച്ചത്. 'അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഉചിതമായി കൈകാര്യം ചെയ്തു-ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞു.
ബഗ്ദാദിയുടെ വധത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ സഹായികള്‍
ബഗ്ദാദിയുടെ വധത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ തന്നെ ഏറ്റവുമടുത്ത അഞ്ചു കൂട്ടാളികളിലൊരാളില്‍ നിന്ന്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തുര്‍ക്കി പിടികൂടുകയും പിന്നീട് ഇറാഖിന് കൈമാറുകയും ചെയ്ത ഇസ്മായില്‍ അല്‍ ഇതാവിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബഗ്ദാദിയിലേക്കെത്തിയതെന്നാണ് യുഎസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.