നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; കോടതിയലക്ഷ്യക്കേസ് തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി: സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീര്‍പ്പാക്കി. നിരുപാധികം മാപ്പ് പറഞ്ഞതിനെ ത്തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്. കോടതിയെ അപമാനിക്കുന്ന രീതിയില്‍ ഇനി പ്രസ്താവനകളുണ്ടാവില്ലെന്ന് ബൈജു കൊട്ടാരക്കര രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് ബൈജു കൊട്ടാരക്കരക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജുവിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലറുടെ കുറ്റപത്രത്തില്‍ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയുമാണ് ചോദ്യം ചെയ്യുന്നത്. ഇത് വിചാരണ നടപടികളെ സംശയനിഴലിലാക്കുന്നതാണ്. നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നു.
ബൈജുവിന്റെ അഭിപ്രായങ്ങള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതുമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് പരസ്യമായി മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശം നല്‍കി. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജു കൊട്ടാരക്കര കോടതിയില്‍ ഉറപ്പുനല്‍കുകയായിരുന്നു. വിവാദപരാമര്‍ശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര മാപ്പ് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് കോടതി തീര്‍പ്പാക്കിയത്.