കൊച്ചി: ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ സംവിധായകന്‍ ബൈജു കൊട്ടരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പ് പറയണമെന്നു ഹൈക്കോടതി. കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെയാണ് ബൈജു ചാനല്‍ ചര്‍ച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയത്. കേസില്‍ ബൈജു ഹൈക്കോടതിയില്‍ നേരത്തെ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചിരുന്നു.
ജഡ്ജിയെ ആക്ഷേപിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമര്‍ശങ്ങളെന്നുമാണ് ബൈജു കോടതിയില്‍ പറഞ്ഞത്. എന്നാല്‍, കുറ്റം സമ്മതിക്കാതെയുള്ള മാപ്പ് സ്വീകരിക്കാനാവില്ലെന്നും അതിനാല്‍, ചാനലിലൂടെ പരസ്യമായി കുറ്റം സമ്മതിച്ചു മാപ്പ് പറയണമെന്ന് കോടതി വ്യക്തമാക്കി. മാപ്പ് പറഞ്ഞ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു. ചാനലിലൂടെതന്നെ മാപ്പ് പറയാമെന്നു ബൈജുവിന്റെ അഭിഭാഷകന്‍ അറിയിച്ചു. ബൈജു കൊട്ടാരക്കരയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി നവംബര്‍ 15 ലേക്ക് മാറ്റി.
വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയുമാണ് ചോദ്യംചെയ്യുന്നത്. ഇത് വിചാരണ നടപടികളെ സംശയനിഴലിലാക്കുന്നതാണ്. നീതിനിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണിത്. ബൈജുവിന്റെ അഭിപ്രായങ്ങള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതുമാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.