ഇത് 'കരി നിയമം'; വഖ്ഫ് ഭേദഗതി ബില്ലിനെ കോടതിയില്‍ ചോദ്യം ചെയ്യും: എഐഎംപിഎല്‍ബി

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ലിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ്. സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് ഭീഷണിയായ ഒരു 'കരിനിയമം' എന്നാണ് ബോര്‍ഡ് അതിനെ വിമര്‍ശിച്ചത്. മുസ്ലീം സമുദായത്തിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. എഐഎംപിഎല്‍ബി അംഗം എം ഡി അദീബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
'നമ്മുടെ സ്വത്ത് കൈക്കലാക്കാമെന്ന് കരുതിയാണ് അവര്‍ ഈ നാടകം ആരംഭിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയുമോ? നമ്മള്‍ പരാജയപ്പെട്ടുവെന്ന് കരുതരുത്,നമ്മള്‍ തുടങ്ങിയിട്ടേയുള്ളൂ.നിര്‍ദ്ദിഷ്ട നിയമം ഇന്ത്യയുടെ ഘടനയെ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇത് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ്. ' എം ഡി അദീബ് പറഞ്ഞു. തങ്ങള്‍ കോടതിയില്‍ പോകുമെന്നും നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഈ പോരാട്ടം ആരംഭിച്ചതെന്ന് എഐഎംപിഎല്‍ബി വക്താവ് മുഹമ്മദ് അലി മൊഹ്സിന്‍ പറഞ്ഞു.'കര്‍ഷകര്‍ ചെയ്തതുപോലെ ഞങ്ങള്‍ രാജ്യമെമ്പാടും പരിപാടികള്‍ സംഘടിപ്പിക്കും. ആവശ്യമെങ്കില്‍, ബില്ലിനെ എതിര്‍ക്കാന്‍ റോഡുകള്‍ ഉപരോധിക്കുകയും സമാധാനപരമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും,' മൊഹ്സിന്‍ പറഞ്ഞു.
ബില്ല് പരിശോധിക്കാന്‍ രൂപീകരിച്ച പാനല്‍ പ്രതിപക്ഷ എംപിമാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമനിര്‍മ്മാണത്തെ എതിര്‍ത്തു.കേന്ദ്രം ബില്ല് തിടുക്കത്തില്‍ അവതരിപ്പിച്ചതായും അവര്‍ ആരോപിച്ചു.