മോദിക്ക് ക്ലീന്‍ ചിറ്റ്: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസിന്റെ ഹരജി സുപ്രിംകോടതി തള്ളി
സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്. പരാതികളില്‍ തീര്‍പ്പ് കല്‍പിച്ച് കഴിഞ്ഞതായി സുപ്രിംകോടതി അറിയിച്ചു.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരേ നല്‍കിയ ഒമ്പത് പരാതികളില്‍ തീര്‍പ്പുകല്‍പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേബ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്. പരാതികളില്‍ തീര്‍പ്പ് കല്‍പിച്ച് കഴിഞ്ഞതായി സുപ്രിംകോടതി അറിയിച്ചു.
തീര്‍പ്പുകല്‍പിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അക്കാര്യം വിശദമാക്കി പുതിയ ഹരജിയുമായി കോണ്‍ഗ്രസിന് വരാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സുപ്രിംകോടതി വേനലവധിക്കായി മെയ് 13ന് അടയ്ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെയ് 12നും മെയ് 17നും ഇനി രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രചാരണത്തിനായി 9 ദിവസങ്ങളും. ഇക്കാലയളവിനുള്ളില്‍ പെട്ടെന്ന് പരാതിയില്‍ തീര്‍പ്പുണ്ടാക്കിത്തരണമെന്നായിരുന്നു ഹരജിയിലെ കോണ്‍ഗ്രസിന്റെ ആവശ്യം. മോദിയും അമിത് ഷായും വിവിധ തിരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ജനപ്രാതിനിധ്യനിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഏറ്റവുമൊടുവില്‍ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദപരാമര്‍ശത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഒമ്പത് തവണയാണ് മോദിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. ഇതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചത്.